Malayali Media
India

ഡോക്ടർ കോടതിയിൽ പോയ തക്കം നോക്കി സർക്കാർ ആശുപത്രിയിൽ ഡ്രൈവറുടെ 'ചികിത്സ'; രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകിയ സംഭവത്തിൽ അന്വേഷണം

19 Sept 202611 views 3 min read
ഡോക്ടർ കോടതിയിൽ പോയ തക്കം നോക്കി സർക്കാർ ആശുപത്രിയിൽ ഡ്രൈവറുടെ 'ചികിത്സ'; രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകിയ സംഭവത്തിൽ അന്വേഷണം
Advertisement

കാൺപൂർ: കാൺപൂരിലെ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ചുനൽകിയതായി പരാതി. കോടതി വിചാരണയിൽ പങ്കെടുക്കാൻ ഡോക്ടർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രാമാ ദേവി ചൗരാഹയ്ക്ക് അരികിലുള്ള കാൻഷിറാം ആശുപത്രിയിലെ ഒ.പി കൺസൾട്ടേഷൻ റൂമിൽ വെച്ച് ഒരാൾ രോഗികളോട് കാര്യങ്ങൾ ചോദിച്ചറിയുകയും കുറിപ്പടിയിൽ മരുന്നുകൾ രേഖപ്പെടുത്തി നൽകുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

എമർജൻസി മെഡിക്കൽ ഓഫീസർ (ഇ.എം.ഒ) രാംകേഷിന്റെ ഡ്രൈവറായ ദേവ് ആണ് ദൃശ്യങ്ങളിലുള്ളതെന്ന് ആശുപത്രി മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. ഈ സമയം കോടതിയിലെ ഒരു കേസ് നടപടിയുമായി ബന്ധപ്പെട്ട് രാംകേഷ് പുറത്തുപോയിരിക്കുകയായിരുന്നുവെന്ന് ആശുപത്രിയിലെ ജീവനക്കാർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനായി ചീഫ് മെഡിക്കൽ സൂപ്രണ്ട് പിയൂഷ് മിശ്രയുടെ അധ്യക്ഷതയിൽ മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ (സി.എം.ഒ) ഹരിദത്ത് നെമി അറിയിച്ചു.

വിവരം അറിഞ്ഞയുടൻ തന്നെ വിഷയം അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തതെന്ന് നെമി പറഞ്ഞു. ഔട്ട് പേഷ്യന്റ് വിഭാഗത്തിലിരുന്ന് ഇയാൾ രോഗികളെ പരിശോധിച്ചിട്ടുണ്ടോ, മരുന്നുകൾ എഴുതി നൽകിയിട്ടുണ്ടോ, മുൻപും ഇത്തരത്തിലുള്ള ആൾമാറാട്ടങ്ങൾ നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഈ സമിതി പരിശോധിക്കും. മൂന്ന് ദിവസത്തിനകം സമിതി അന്തിമ അന്വേഷണ റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഡ്രൈവറെ ആശുപത്രി പരിസരത്തുനിന്ന് ഉടൻതന്നെ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ഒ.പി റൂമിലേക്ക് ഇയാൾക്ക് എങ്ങനെ പ്രവേശനം ലഭിച്ചു, എത്രത്തോളം രോഗികൾക്ക് ഇയാൾ ചികിത്സയോ കുറിപ്പടിയോ നൽകി തുടങ്ങിയ വശങ്ങളും അധികൃതർ സൂക്ഷ്മമായി പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ രാംകേഷിനോട് ഔദ്യോഗിക വിശദീകരണം തേടുകയും ഡ്രൈവർക്കെതിരെ ചകേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആശുപത്രിയിൽ താൻ പരിശോധന നടത്തിയിരുന്നുവെന്നും എന്നാൽ ആ സമയത്ത് പുറത്തുനിന്നുള്ള ആരെയും അവിടെ കണ്ടിരുന്നില്ലെന്നും പിയൂഷ് മിശ്ര വ്യക്തമാക്കി.

Advertisement

Related News

Comments

Add a Comment

Our Channels

ഡോക്ടർ കോടതിയിൽ പോയ തക്കം നോക്കി സർക്കാർ ആശുപത്രിയിൽ ഡ്രൈവറുടെ 'ചികിത്സ'; രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകിയ സംഭവത്തിൽ അന്വേഷണം | Malayali Media