കൊച്ചി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ പരോക്ഷ വിമർശനങ്ങളുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യയുടെ സാംസ്കാരികമായ ഉയിർത്തെഴുന്നേൽപ്പ് അപൂർണ്ണമായാണ് അവശേഷിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലത്ത് ഭരണതലപ്പത്തിരുന്നവർ ഭാരതീയ സംസ്കാരത്തെ താഴ്ന്ന നിലവാരത്തിലുള്ള ഒന്നായാണ് കണ്ടതെന്നും, മതേതരത്വത്തിന്റെ മറപിടിച്ച് തനത് മതവിശ്വാസങ്ങളെ വർഗ്ഗീയതയായി മുദ്രകുത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ സംഘടിപ്പിച്ച ത്രിദിന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ പിന്നാക്കാവസ്ഥയായും ജനങ്ങളുടെ വിശ്വാസങ്ങളെ മതഭ്രാന്തായും ആരാധനാരീതികളെ അന്ധവിശ്വാസമായുമാണ് അവർ പ്രചരിപ്പിച്ചത്. പുനർനിർമ്മിച്ച സോമനാഥ ക്ഷേത്രത്തിന്റെ സമർപ്പണച്ചടങ്ങിൽ ഭാഗഭാക്കായതിന് അന്നത്തെ രാഷ്ട്രപതിയെപ്പോലും എതിർക്കുന്ന സ്ഥിതിയുണ്ടായി. ഇന്ത്യൻ ജനതയ്ക്ക് മേൽ വികലമായ പാശ്ചാത്യ മതേതര സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആക്ഷേപിച്ചു. അതേസമയം, 'വിക്ഷിത് ഭാരത്@2047' എന്ന വികസിത ഭാരത ലക്ഷ്യത്തിലേക്ക് രാജ്യം വേഗത്തിൽ ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.





