ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ നാടകീയമായ അസാധാരണ രംഗങ്ങൾ. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ കാര്യങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. തുടർന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ സാമാജികരെ സ്പീക്കറുടെ ഉത്തരവോടെ പുറത്താക്കി. ടി.വി.കെയുടേത് യഥാർത്ഥ സർക്കാരല്ലെന്നും വെറും 'റീൽ സർക്കാർ' മാത്രമാണെന്നും പ്രതിപക്ഷം പരിഹസിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ ഉന്നയിച്ച വിഷയങ്ങളാണ് പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെയെ പ്രകോപിപ്പിച്ചത്. ഇ.ഡി കേസുകൾ, സർക്കാരിയ്യ കമ്മീഷൻ റിപ്പോർട്ട്, മിസ നിയമം തുടങ്ങിയവയെ മുൻനിർത്തി ഉന്നയിക്കപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സഭാ നടപടികളിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സ്പീക്കർ തയ്യാറായില്ല. ഇതോടെ പ്രതിഷേധം ശക്തമാക്കിയ ഡി.എം.കെ എം.എൽ.എമാർ സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തുടർന്നാണ് ഇവരെ ബലമായി നീക്കം ചെയ്യാൻ സ്പീക്കർ നിർദ്ദേശം നൽകിയത്.
തികച്ചും ന്യായമായ ആവശ്യമാണ് തങ്ങൾ സഭയിൽ മുന്നോട്ടുവെച്ചതെന്നും അത് പരിഗണിക്കാതിരുന്ന സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഡി.എം.കെ വിപ്പ് ഇ.വി. വേലു പ്രതികരിച്ചു. ബജറ്റ് സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയോ പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിനോ സഭാനടപടികളിൽ പങ്കെടുത്തിരുന്നില്ല.





