ന്യൂഡൽഹി: ഡൽഹിയിൽ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടം നിലംപൊത്തി ഏഴുപേർ കൊല്ലപ്പെട്ട ദുരന്തത്തിൽ കൂടുതൽ അധികൃതർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഒത്താശയോടെ കെട്ടിടത്തിന്റെ ഉടമ ചട്ടങ്ങൾ കാറ്റിൽപ്പറത്തി അധിക നിലകൾ പണിതുയർത്തിയതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കനത്ത സുരക്ഷാഭീഷണി കണക്കിലെടുത്ത് മുൻപ് അടച്ചുപൂട്ടാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന ഈ കെട്ടിടത്തിലാണ് കഴിഞ്ഞ വർഷം ചട്ടവിരുദ്ധമായി ഹോസ്റ്റൽ പ്രവർത്തനം തുടങ്ങിയത്.
ഗുരുതരമായ നിയമലംഘനങ്ങളും കൈക്കൂലിയും വ്യക്തമായതോടെ മുൻസിപ്പൽ കോർപ്പറേഷനിലെ അഞ്ച് ഉദ്യോഗസ്ഥരെ ഇതിനകം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡൽഹി സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാർ, സൂപ്രണ്ട് എൻജിനീയർ രൺവീർ സിംഗ്, എക്സിക്യൂട്ടീവ് എൻജിനീയർ ലളിത് കുമാർ ഗോയൽ, അസിസ്റ്റന്റ് എൻജിനീയർ സുനിൽ ചൗഹാൻ, ജൂനിയർ എൻജിനീയർ ആശിഷ് കുമാർ എന്നിവർക്കെതിരെയാണ് പ്രാഥമിക ഘട്ടത്തിൽ നടപടി സ്വീകരിച്ചത്.
അതിനിടെ, അപകടത്തിൽ മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഭരണകൂടം മൂടിവെക്കുകയാണെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ്.യു.ഐ രംഗത്തെത്തി. ആശുപത്രിയിൽ 11 പേരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നിട്ടും വെറും 7 മരണങ്ങൾ മാത്രമാണ് സർക്കാർ രേഖപ്പെടുത്തിയതെന്ന് എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ തുറന്നടിച്ചു. ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഴക്കം ചെന്നതിനെത്തുടർന്ന് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്ന കെട്ടിടമാണ് ഇപ്പോൾ തകർന്നടിഞ്ഞത്. സമാനമായ അവസ്ഥയിലാണ് തലസ്ഥാന നഗരിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും നിലനിൽക്കുന്നത്. മുപ്പത് മുതൽ അമ്പത് വർഷം വരെ പഴക്കമുള്ളതും തകർച്ചയുടെ വക്കിലെത്തിയതുമായ കെട്ടിടങ്ങളിലാണ് പല ഹോസ്റ്റലുകളും പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ ഒരു ബെഡ് സ്‌പേസിന് മാത്രം ഇരുപതിനായിരം രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. നിരവധി കെട്ടിടങ്ങൾ അനധികൃതമായി ഒന്നിലധികം നിലകൾ ഉയർത്തിയ നിലയിലാണ്. ആവശ്യമായ തൂണുകളോ ബീമുകളോ പോലുമില്ലാതെ വെറും ഇഷ്ടികകൾ ഉപയോഗിച്ച് മാത്രം പണിതുയർത്തിയവയാണ് ഇതിൽ പലതും. ഡൽഹിയിലെ കോളേജുകളിൽ ആവശ്യത്തിന് ഹോസ്റ്റൽ ലഭ്യതയില്ലാത്തതിനാൽ വിദ്യാർത്ഥികൾ സ്വകാര്യ പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്. ഇത്തരം താമസസ്ഥലങ്ങളിൽ തൊണ്ണൂറ് ശതമാനവും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.





