ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന സമയപരിധിയിൽ നിർണ്ണായക ഇളവുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. മുൻപ് നിശ്ചയിച്ചിരുന്ന 45 ദിവസത്തെ ഇടവേള 25 ദിവസമായി കുറച്ചതായി പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാജ്യത്ത് നിലനിന്നിരുന്ന എൽ.പി.ജി ലഭ്യതയിലെ അനിശ്ചിതത്വം മാറിയ പശ്ചാത്തലത്തിലാണ് ഈ ചട്ടത്തിൽ അയവുവരുത്താൻ കേന്ദ്രം തയ്യാറായത്. ഇതോടെ ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കൾക്കും ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം കഴിയുമ്പോൾത്തന്നെ അടുത്ത റീഫില്ലിനായി അപേക്ഷിക്കാനാകും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുൻപ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. നഗരപ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന 25 ദിവസത്തെ ഇടവേള മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 25 ദിവസവും ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് 45 ദിവസവുമായി പെട്രോളിയം മന്ത്രാലയം ബുക്കിങ് പരിധി പുനഃക്രമീകരിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിലും എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത സുഗമമാക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു അന്ന് അത്തരം നടപടികൾ സ്വീകരിച്ചത്. എന്നാൽ നിലവിൽ വിതരണ ശൃംഖല പൂർവ്വസ്ഥിതിയിലായതിനാലും റീഫില്ലിങ് സമയബന്ധിതമായി നടക്കുന്നതിനാലുമാണ് ഈ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയത്.
പുതിയ ഉത്തരവ് നടപ്പിലായതോടെ, നഗര-ഗ്രാമ ഭേദമന്യേ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ സിലിണ്ടർ റീഫില്ലിങ്ങിനായി ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.





