ന്യൂഡൽഹി: വീടിന് മുൻവശത്തിരുന്ന് മദ്യപിച്ചത് എതിർത്തതിനെത്തുടർന്ന് ഡൽഹിയിൽ പ്രമുഖ മണിപ്പൂരി സംഗീതജ്ഞനെ ആക്രമിസംഘം മർദ്ദിച്ചു കൊലപ്പെടുത്തി. മണിപ്പൂർ സ്വദേശിയായ ചോങ്തം വിക്രം സിംഗ് ആണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ കിലോകരിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. താമസസ്ഥലത്തിന് മുന്നിലിരുന്ന് ആളുകൾ മദ്യപിക്കുന്നത് ചോദ്യംചെയ്തതിലുണ്ടായ വൈരാഗ്യത്തിൽ ചോങ്തമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിക്രം സിംഗിന്റെ വസതിക്ക് പുറത്ത് ആളുകൾ ഒത്തുകൂടി ലഹരി ഉപയോഗിക്കുകയും ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തതിനെ എതിർത്തതായിരുന്നു സംഘർഷത്തിന് വഴിമരുന്നിട്ടത്. പ്രദേശത്തെ ഒരു ധാബയിലെ ജീവനക്കാരും ഡെലിവറി ബോയ്സുമാരടങ്ങുന്ന സംഘമാണ് അവിടെ അനാവശ്യ ബഹളം വെച്ചിരുന്നത്. താഴേക്കിറങ്ങിവന്ന വിക്രം സിംഗ് ശബ്ദമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ഇവർ അക്രമത്തിലേക്ക് തിരിയുകയും അദ്ദേഹത്തെ അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ഒരു മൈനർ ഉൾപ്പെടെ എട്ട് പേരെ ഡൽഹി പോലീസ് പിടികൂടിയിട്ടുണ്ട്. സമീപത്തെ ഹോട്ടൽ ജീവനക്കാരാണ് പിടിയിലായവരെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വിക്രം സിംഗിന്റെ ബന്ധുക്കൾ വ്യക്തമാക്കി. ലഹരിയിലായിരുന്ന ഒരു കൂട്ടം യുവാക്കൾ പരിസരത്ത് സ്ഥിരമായി ശല്യമുണ്ടാക്കാറുണ്ടായിരുന്നെന്നും, ശബ്ദമുണ്ടാക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെടാനാണ് അർദ്ധരാത്രിയോടെ സിംഗ് പുറത്തേക്ക് പോയതെന്നും കുടുംബാംഗം വെളിപ്പെടുത്തി. മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം എയിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി വരികയാണ്. അതേസമയം, വിക്രം സിംഗിന്റെ സ്മരണ പുതുക്കിയും കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ മെഴുകുതിരി തെളിയിച്ച് റാലി നടത്തി.





