ചെന്നൈ: ഭർത്താവ് പോകുന്നിടത്തെല്ലാം വോഡഫോൺ പരസ്യത്തിൽ കാണുന്ന പഗ്ഗ് നായയെപ്പോലെ ഭാര്യ ഒപ്പം നടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനം തേടിക്കൊണ്ടുള്ള ഹർജിയിന്മേൽ തീർപ്പുകൽപ്പിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭാര്യയെ ഒപ്പം കൂട്ടാതെ തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും മുംബൈയിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോയി എന്ന കാരണം ചൂണ്ടിക്കാട്ടി കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചതിനെ തുടർന്നാണ് 67 വയസ്സുള്ള ഭർത്താവ് ഹൈക്കോടതിയിലെത്തിയത്.
ജീവിതത്തിന്റെ സകല മേഖലകളിലും ദമ്പതികൾ ഒരുമിച്ചുതന്നെ കഴിയണമെന്നത് ഒട്ടും പ്രായോഗികമായ കാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേകിച്ചും തൊഴിൽപരമായ ആവശ്യങ്ങളിൽ, സാഹചര്യങ്ങളും വ്യക്തിപരമായ ബാധ്യതകളും ഒരുമിച്ചു താമസിക്കുന്നതിനെ ബാധിച്ചേക്കാമെന്ന് കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭർത്താവ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ആളാണെങ്കിൽ സൈനിക ക്യാമ്പുകളിൽ കുടുംബമായി താമസിക്കാൻ സാധിച്ചെന്നു വരില്ലെന്ന ഉദാഹരണവും കോടതി പരാമർശിച്ചു. കൂടാതെ ഭാര്യയ്ക്ക് സ്വന്തമായി ജോലിയോ മറ്റ് ചുമതലകളോ ഉണ്ടാകില്ലേയെന്നും ബെഞ്ച് ചോദിച്ചു. അതുകൊണ്ടുതന്നെ ഒരു ഭാര്യ വോഡഫോൺ പരസ്യത്തിലെ പഗ്ഗിനെപ്പോലെ പെരുമാറണമെന്ന് ആർക്കും പ്രതീക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ദാമ്പത്യത്തിലെ ബാധ്യതകൾ നിറവേറ്റുന്നതിൽ ഭർത്താവ് പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് കുടുംബക്കോടതി മുൻപ് വിവാഹമോചന ഹർജി തള്ളിയത്. 1992 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നാല് മക്കളുണ്ട്. ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ ഭർത്താവിന് 67 വയസ്സുണ്ട്. കഴിഞ്ഞ 16 വർഷത്തോളമായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണവും ഭർത്താവ് ഉന്നയിച്ചിരുന്നു.
ലൈംഗികപരമായ ആവശ്യങ്ങളെ നിയന്ത്രിച്ചു നിർത്തുക എന്നത് പ്രായോഗികമല്ലെന്നും, പോകുന്നിടത്തെല്ലാം ഭാര്യയെയും ഒപ്പം കൊണ്ടുപോകേണ്ടത് ഭർത്താവിന്റെ കടമയാണെന്നുമായിരുന്നു കുടുംബക്കോടതിയുടെ കണ്ടെത്തൽ. ഇത്തരമൊരു വിധിയെ തീവ്ര ഫെമിനിസ്റ്റുകൾ വിപ്ലവകരമെന്ന് വാഴ്ത്തിയേക്കാമെങ്കിലും ഹൈക്കോടതിക്ക് ആ രീതിയിൽ കാണാനാകില്ലെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഒരുമിച്ച് മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യമുള്ളതിനാൽ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച ഹൈക്കോടതി, എന്നാൽ ഭാര്യയ്ക്കെതിരെ ഭർത്താവ് ഉന്നയിച്ച അവിഹിത ബന്ധമെന്ന ആരോപണം തള്ളിക്കളയുകയും ചെയ്തു.





