ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി കെ. സുരേഖയെ നീക്കം ചെയ്തു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മകൾ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിക്കാൻ മന്ത്രി തയ്യാറാകാതിരുന്നതാണ് പുറത്താക്കലിലേക്ക് നയിച്ചത്. കെ. സുരേഖയെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള ശുപാർശ തെലങ്കാന ഗവർണർ ശിവ് പ്രതാപ് ശുക്ലയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇതിനൊപ്പം, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാനായി ജി. ചിന്ന റെഡ്ഡിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിക്കും കോൺഗ്രസിലെ മറ്റ് ഉന്നത നേതാക്കൾക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് സുരേഖയുടെ മകൾ കെ. സുസ്മിത റെഡ്ഡി ആരോപണങ്ങൾ ഉന്നയിച്ചത്. ഇത് പാർട്ടി നേതൃത്വത്തിനിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. ഒരു പൊതുചടങ്ങിൽ സംസാരിക്കവെ രേവന്ത് റെഡ്ഡിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടായിരുന്നു സുസ്മിതയുടെ വിമർശനം. സ്വന്തം കുടുംബത്തിന്റെ ബിസിനസ്സ് താല്പര്യങ്ങൾ വളർത്താൻ മുഖ്യമന്ത്രി വഴിവിട്ട സഹായം നൽകുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
കോൺഗ്രസ് എം.എൽ.എ രേവൂരി പ്രകാശ് റെഡ്ഡിക്ക് മുഖ്യമന്ത്രി നൽകിവരുന്ന പിന്തുണയെയും സുസ്മിത ശക്തമായി എതിർത്തു. ഈ പരാമർശത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ്, പർകൽ നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി, അടുത്ത തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ പ്രകാശ് റെഡ്ഡിയെ വിജയിപ്പിക്കണമെന്ന് വോട്ടർമാരോട് ആഹ്വാനം ചെയ്തിരുന്നു. ഇതാണ് സുസ്മിതയെ പ്രകോപിപ്പിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്നും, പാർട്ടി സീറ്റ് നിഷേധിച്ചാൽ വിമതയായി ജനവിധി തേടുമെന്നും അവർ വ്യക്തമാക്കി. തന്റെ സ്വാധീനമേഖലയിൽ വന്ന് എന്തിനാണ് പ്രകാശിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് ചോദിച്ച അവർ, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹോദരനും സംസ്ഥാനത്തെ കൊള്ളയടിച്ചാണ് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഇതേത്തുടർന്ന് സുസ്മിതയ്ക്കും മന്ത്രി സുരേഖയ്ക്കുമെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. മകളുടെ പ്രസ്താവനകളെ പരസ്യമായി തള്ളിപ്പറയാൻ മന്ത്രി വിസമ്മതിച്ചതാണ് ഒടുവിൽ മന്ത്രിസഭയിൽ നിന്നുള്ള പുറത്താക്കലിൽ കലാശിച്ചത്. എന്നാൽ മകൾ പങ്കുവെച്ചത് തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് സുരേഖയുടെ നിലപാട്. കോൺഗ്രസിനകത്ത് തനിക്കെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.
അതേസമയം, മന്ത്രിക്കും മകൾക്കുമെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇരുപതോളം കോൺഗ്രസ് എം.എൽ.എമാരും എം.എൽ.സിമാരും നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതോടെയാണ് സുരേഖയെ പുറത്താക്കാനുള്ള നീക്കങ്ങൾ വേഗത്തിലായത്.





