ഇ20 (E20) പെട്രോൾ വിതരണവുമായി ബന്ധപ്പെട്ട് തർക്കങ്ങളും പഴയ വാഹന ഉടമകളുടെ പ്രതിഷേധങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പഴയ ഇരുചക്രവാഹനങ്ങൾക്കായി ഇ10 പെട്രോൾ തിരികെ കൊണ്ടുവരണമെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. കൂടാതെ, എഥനോൾ മിശ്രണം 20 ശതമാനത്തിന് മുകളിലേക്ക് ഉയർത്തുന്നതിന് മുൻപായി, ഭക്ഷ്യോത്പാദനവും ഇന്ധന ആവശ്യങ്ങളും (food-versus-fuel) തമ്മിലുള്ള സന്തുലിതാവസ്ഥ രാജ്യം കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച 'ദി ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിൽ സാമ്പത്തിക കാര്യ വകുപ്പിലെ കൺസൾട്ടന്റായ പൂജാരിയുമായി ചേർന്ന് എഴുതിയ ലേഖനത്തിലാണ് അനന്ത നാഗേശ്വരൻ ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇ20 ഇന്ധനം പഴയ വാഹനങ്ങൾക്ക് അനുയോജ്യമാണോ എന്നതിൽ മാത്രമായി ഇപ്പോഴത്തെ ചർച്ചകൾ ഒതുക്കാനാകില്ലെന്ന് ലേഖനത്തിൽ ഇരുവരും ചൂണ്ടിക്കാട്ടുന്നു. അധികമായി ആവശ്യമായി വരുന്ന എഥനോൾ ഉത്പാദിപ്പിക്കാൻ രാജ്യം ഏതുതരം വിളകളാണ് കൃഷി ചെയ്യേണ്ടിവരിക, ഇതിനായി എത്രമാത്രം ഭൂമിയും വെള്ളവുമാണ് മാറ്റിവെക്കേണ്ടി വരിക, നിലവിലെ മറ്റ് കാർഷിക ആവശ്യങ്ങൾക്ക് ഇത് തടസ്സമാകുമോ തുടങ്ങിയ വിഷയങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഭാവിയിൽ ഇ27, ഇ30 തുടങ്ങിയ ഉയർന്ന എഥനോൾ മിശ്രിതങ്ങളിലേക്ക് കടക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ലേഖനം, കാർഷിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ കൃത്യമായി കണക്കാക്കാതെ ഇത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകരുതെന്നും മുന്നറിയിപ്പ് നൽകുന്നു. പല നയപരമായ തീരുമാനങ്ങളും എളുപ്പത്തിൽ തിരുത്താൻ സാധിച്ചേക്കാം, എന്നാൽ കൃഷിരീതികളിൽ വരുത്തുന്ന മാറ്റങ്ങളും ഇന്ധന നിർമ്മാണത്തിനായി ഭൂമിയും ജലസ്രോതസ്സുകളും സ്ഥിരമായി മാറ്റിവെക്കുന്നതും അത്ര വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. ഇതോടെ, ഭക്ഷ്യസുരക്ഷയും ഇന്ധനലഭ്യതയും തമ്മിലുള്ള സമവാക്യം രാജ്യത്തിന്റെ എഥനോൾ നയത്തിന്റെ സുപ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.





