ചെന്നൈ: കരൂർ ദുരന്തത്തിൽ ഇരയായവരുടെ ആശ്രിതർക്ക് തൊഴിൽ നൽകാനുള്ള സർക്കാർ തീരുമാനത്തിന് സുപ്രീം കോടതിയുടെ താങ്ങ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. ഇത് തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന് വലിയ ആശ്വാസമായി. കുടുംബത്തിന്റെ ഏക അത്താണിയാണ് മരിച്ചതെങ്കിൽ സർക്കാരല്ലേ അവരെ സഹായിക്കേണ്ടതെന്നും, ഇത്തരം തൊഴിൽ നൽകുന്ന നടപടിയെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും ആരാഞ്ഞ സുപ്രീം കോടതി, കോടതിമുറികളിൽ രാഷ്ട്രീയം കളിക്കരുതെന്നും രൂക്ഷമായി ഓർമ്മിപ്പിച്ചു. പൊതുതാൽപ്പര്യ ഹർജി വഴി സർക്കാരിന്റെ നിയമന തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയെ ധരിപ്പിച്ചു.
സഹാനുഭൂതിയുടെ പേരിൽ നൽകുന്ന ഇത്തരം നിയമനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് ആർട്ടിക്കിൾ 14, 16 എന്നിവയുടെ നഗ്നമായ ലംഘനമാണെന്നുമായിരുന്നു ജസ്റ്റിസ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരുൾപ്പെട്ട മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. ഒഴിവുകൾ നികത്തേണ്ടത് പൂർണ്ണമായും ഭരണഘടനാ ചട്ടങ്ങൾക്ക് വിധേയമായിട്ടായിരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഔദ്യോഗിക സർവീസിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾ പോലും ജോലി ലഭിക്കാനായി കാത്തിരിക്കുകയാണെന്നും, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണമെങ്കിൽ സംരംഭകത്വ പരിശീലനം നൽകാമെന്നുമായിരുന്നു ഹൈക്കോടതിയുടെ പക്ഷം. എന്നാൽ, ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുശാസിക്കുന്ന സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ ഉത്തരവ് നടപ്പിലാക്കിയതെന്ന് തമിഴ്നാട് സർക്കാർ വാദിച്ചെങ്കിലും, ഭരണപരമായ അധികാരങ്ങൾ ഭരണഘടനാ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.





