ഡൽഹി: ട്രെയിൻ കോച്ചിനുള്ളിൽ വെച്ച് യുവതിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന ആരോപണത്തെ തുടർന്നുണ്ടായ നാടകീയ സംഭവങ്ങളിൽ സി.ഐ.എസ്.എഫ് (CISF) ജവാനെ സസ്പെൻഡ് ചെയ്തു. എയിംസ് (AIIMS) മെട്രോ സ്റ്റേഷനിൽ അരങ്ങേറിയ കൈയ്യാങ്കളിയുടെയും തർക്കത്തിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ന് പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം നടന്നതെന്ന് മെട്രോ പോലീസ് അറിയിച്ചു. കോച്ചിനുള്ളിലിരുന്ന തന്റെ ചിത്രങ്ങൾ ജവാൻ പകർത്തിയെന്ന് യുവതി പരാതിപ്പെട്ടതോടെ സഹയാത്രികർ ഇടപെട്ട് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. താൻ ഫോട്ടോ എടുത്തിട്ടില്ലെന്ന് ജവാൻ തുടക്കത്തിൽ വാദിച്ചെങ്കിലും, ഇയാളുടെ ഫോൺ ഗാലറിയിൽ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതായി ആരോപണം ഉയർന്നതോടെ കൂടുതൽ യാത്രക്കാർ പ്രതിഷേധവുമായി മുന്നോട്ടുവന്നു.
ചിത്രങ്ങൾ ഉടൻ ഫോണിൽ നിന്നും നീക്കം ചെയ്യണമെന്ന് യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നത് പുറത്തുവന്ന വീഡിയോയിലുണ്ട്. തർക്കം രൂക്ഷമായതോടെ കോച്ചിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ച ജവാനെ യാത്രക്കാർ തടഞ്ഞതാണ് ഉന്തും തള്ളിലേക്കും സംഘർഷത്തിലേക്കും വഴിമാറിയത്. ഇതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിന് മുൻപായി സി.ഐ.എസ്.എഫ് ജവാൻ തന്റെ സർവീസ് പിസ്റ്റൾ പുറത്തെടുത്ത് തങ്ങൾക്ക് നേരെ ചൂണ്ടിയതായി സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി യാത്രക്കാർ ആരോപിച്ചു.





