പാലക്കാട്: ജന്മദിനത്തിൽ നടൻ മമ്മൂട്ടിയെ നേരിൽ കണ്ട് ആശംസകൾ കൈമാറി രമേഷ് പിഷാരടി. ഒരുകാലത്ത് താനും ദൂരെ നിന്ന് അദ്ദേഹത്തെ ആരാധിച്ച ആളാണെന്നും, ഇപ്പോൾ അടുത്ത് ഇടപെടാൻ അവസരമുള്ള ആ സൗഹൃദ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തിയാണ് ചെന്നൈയിലെത്തി അദ്ദേഹത്തെ കണ്ടതെന്നും പിഷാരടി റിപ്പോർട്ടറിനോട് വ്യക്തമാക്കി.
'സ്വന്തം മണ്ഡലത്തിൽ നിർവ്വഹിക്കാൻ ചില ചുമതലകൾ ഉള്ളതിനാൽ രാത്രിയോടെ ചെന്നൈയിലെത്തി ഉടൻ തന്നെ മടങ്ങുകയായിരുന്നു. നേരിൽ പോയി കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. മുൻപൊക്കെ അകലെ നിന്ന് അദ്ദേഹത്തിന്റെ വിശേഷങ്ങൾ ആഘോഷിച്ചയാളാണ് ഞാൻ. പിന്നീട് അടുത്തിടപഴകാൻ സൗഭാഗ്യം ലഭിച്ചപ്പോൾ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുക എന്ന് പറയുന്നതുപോലെ അങ്ങോട്ട് പോകുകയായിരുന്നു,' രമേഷ് പിഷാരടി പറഞ്ഞു. പിറന്നാളിനോടനുബന്ധിച്ച് പാലക്കാട്ടെ ജനങ്ങൾക്കായി മമ്മൂട്ടി പ്രഖ്യാപിച്ച പ്രത്യേക ജീവകാരുണ്യ പദ്ധതിയുടെ സന്തോഷവും പിഷാരടി പങ്കുവെച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും സംയുക്തമായി പാലക്കാട് മണ്ഡലത്തിലെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സംരംഭത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
75-ാം വയസ്സിലും ഊർജ്ജസ്വലതയും ചെറുപ്പവും കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ ജീവിതശൈലികളെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. 'അദ്ദേഹത്തിന്റെ സമർപ്പണബോധം വളരെ വലുതാണ്. ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് ഒട്ടേറെ കാര്യങ്ങൾ വേണ്ടെന്നുവെക്കാൻ അദ്ദേഹം തയ്യാറാകുന്നു. എന്തിനും 'ആദ്യം നോ' പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ നൽകിയാൽ പോലും പെട്ടെന്ന് വേണ്ടെന്ന് പറഞ്ഞ ശേഷം, ആലോചിച്ചുറപ്പിച്ചാണ് അദ്ദേഹം അത് കുടിക്കുക,' എം.എൽ.എ വിശദീകരിച്ചു.
ജീവിതത്തിൽ ഏറെക്കാലവും പലവിധ കഥാപാത്രങ്ങളായാണ് അദ്ദേഹം ജീവിച്ചുതീർത്തത്. അങ്ങനെ വേഷപ്പകർച്ചകളിൽ മുഴുകിയിരുന്ന സമയങ്ങളിലൊന്നും അദ്ദേഹത്തിന് പ്രായം കൂടിയിട്ടേയില്ല. നാമെല്ലാവരും ആഗ്രഹിക്കുന്നതും അതാണ്; നമ്മൾ ഉള്ളുതുറന്ന് അങ്ങനെയൊന്ന് ആഗ്രഹിക്കുമ്പോൾ പ്രകൃതിയും ഒപ്പം നിൽക്കുമെന്ന് പറയുന്നതുപോലെ ഒരുപക്ഷേ അതും അദ്ദേഹത്തെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുന്നുണ്ടാകാം. അനാവശ്യ വാശികളൊന്നുമില്ലെങ്കിലും വ്യക്തമായ ഇഷ്ടാനിഷ്ടങ്ങൾ ഉള്ള ആളാണ് അദ്ദേഹം. സ്വന്തം സ്റ്റൈലിംഗും വസ്ത്രധാരണവുമെല്ലാം അദ്ദേഹം കൃത്യമായി കാത്തുസൂക്ഷിക്കാറുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.





