തന്നോടുള്ള അച്ഛന്റെ അളവറ്റ സ്നേഹവും വാത്സല്യവും വെളിപ്പെടുത്തുന്ന മകളുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. താനയച്ച ഒരൊറ്റ മെസ്സേജ് കണ്ട് പിറ്റേന്നുതന്നെ തന്നെക്കാണാൻ അച്ഛൻ നേരിട്ടെത്തിയ ഹൃദ്യമായ നിമിഷമാണ് യുവതി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ആ സന്ദേശം അച്ഛന്റെ ഉള്ളുതൊട്ടതിനാലാണ് ഒട്ടും വൈകാതെ അടുത്ത ദിനം തന്നെ അദ്ദേഹം ഓടിയെത്തിയതെന്ന് മകൾ വ്യക്തമാക്കുന്നു.
'apple.kaivalya' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. തലേദിവസം രാത്രി അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും അറിയിച്ച് താൻ സന്ദേശമയച്ചിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. എന്നാൽ പിറ്റേന്ന് വീടിന്റെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച തന്നെ അത്ഭുതപ്പെടുത്തി; തൊട്ടുമുന്നിൽ അച്ഛൻ വന്നുനിൽക്കുന്നു. നീണ്ട പതിനാല് മണിക്കൂർ യാത്ര താണ്ടിയാണ് അദ്ദേഹം മകളുടെ അരികിലെത്തിയത്. ഏകദേശം എട്ട് മണിക്കൂറോളം മകൾക്കൊപ്പം ചെലവഴിച്ച അദ്ദേഹം, വീട്ടുജോലികളിലും പാത്രം കഴുകുന്നതിലുമെല്ലാം അവളെ സഹായിച്ചു. പുറത്തുപോയി അവൾക്ക് പ്രിയപ്പെട്ട വിഭവങ്ങൾ വാങ്ങി നൽകുകയും ചെയ്തു. ഇതിനിടയിലും ഔദ്യോഗിക ജോലി സംബന്ധമായ തിരക്കുകൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. മടങ്ങുന്നതിന് മുൻപ് മകൾ എപ്പോഴും സദാ സന്തോഷവതിയായി ഇരിക്കണമെന്നും താൻ ഏതുസമയത്തും കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായി യുവതി ഓർക്കുന്നു.
വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സ്നേഹം നിറഞ്ഞ പ്രതികരണങ്ങളുമായി എത്തുന്നത്. പലരും തങ്ങളുടെ സ്വന്തം ജീവിതാനുഭവങ്ങളും ഇതിനൊപ്പം പങ്കുവെച്ചു. താൻ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ഇത്തരത്തിൽ കാണാനെത്തിയ ഓർമ്മയാണ് ഒരാൾ കുറിച്ചതെങ്കിൽ, ഒരു അച്ഛനായാൽ ഇങ്ങനെയായിരിക്കണം എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. ഈ അനുഭവം ഉള്ളുതൊട്ടുവെന്ന് വേറൊരാളും കമന്റ് ചെയ്തു.





