കൊച്ചി: പുലിക്കളി കണ്ടാൽ മനംപുരട്ടലുണ്ടാക്കുന്ന ഒന്നാണെന്ന തന്റെ മുൻ പരാമർശത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ രംഗത്ത്. പുലിക്കളിയെ ഒരു കലാരൂപമായി അംഗീകരിക്കാൻ കഴിയില്ലെന്നും താൻ തുറന്നുപറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് പുലിക്കളി നേരിൽ കണ്ടിട്ടുള്ളതെന്നും വീണ്ടുമത് കാണാൻ തോന്നിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു നാട്ടിലാണ് താൻ ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
പുലിക്കളിക്കെതിരെ വി.കെ. ശ്രീരാമൻ സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരമൊരു കലാവൈകൃതം കാണാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പുരുഷന്മാർക്ക് വയറും മാറിടവും വളരുന്നത് ശരീരവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് വെറും ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ ആരോപണം.
അതേസമയം, ശ്രീരാമന്റെ ഈ നിലപാടിനെതിരെ പുലിക്കളി സംഘങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റേത് ബോഡി ഷെയ്മിങ് ആണെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് ഉടനടി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരിക്കൽ മാത്രം കണ്ട് വിലയിരുത്തിയ ശ്രീരാമൻ ഇത്തവണത്തെ പുലിക്കളി നേരിൽക്കണ്ട് തെറ്റ് മനസ്സിലാക്കി അഭിപ്രായം തിരുത്തണമെന്നും വിവാദ കുറിപ്പ് പിൻവലിക്കണമെന്നുമാണ് പുലിക്കളി സംഘങ്ങളുടെ ആവശ്യം.





