ന്യൂഡൽഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9-നും അവസാനിക്കും. പരീക്ഷ തുടങ്ങാൻ 101 ദിവസം ബാക്കിനിൽക്കെയാണ് ബോർഡ് ഇത്തവണ ടൈംടേബിൾ പുറത്തുവിട്ടത്.
വിവിധ പ്രവേശന പരീക്ഷകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീയതികൾ നിശ്ചയിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. ഇത് വിദ്യാർത്ഥികൾക്ക് ബോർഡ് പരീക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കും ആവശ്യത്തിന് തയ്യാറെടുപ്പ് നടത്താൻ സഹായകരമാകും.
പരീക്ഷകൾ ഒരേസമയം വരാതിരിക്കാൻ 40,000-ത്തിലധികം വിഷയ കോമ്പിനേഷനുകൾ പരിശോധിച്ചാണ് ടൈംടേബിൾ തയ്യാറാക്കിയത്. വിദ്യാർത്ഥികൾ സാധാരണ ഒരുമിച്ച് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾക്കിടയിൽ ആവശ്യമായ ഇടവേളകളും നൽകിയിട്ടുണ്ട്. പത്താം ക്ലാസിൽ 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.





