കൈപമംഗലം: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എ.വി.എ (AVA) ഗ്രൂപ്പും മലയാളി മീഡിയയും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ലഹരി ബോധവത്കരണ യാത്ര കൈപമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (GFVHSS) എത്തിച്ചേർന്നു. എ.വി.എ പ്രൊഡക്ഷൻസ് നിർമ്മിച്ച് പ്രശസ്ത ചലച്ചിത്രതാരം സീനത്ത് സംവിധാനം ചെയ്ത ‘അനന്തതയിലേക്ക്’ എന്ന ഷോർട്ട് ഫിലിമിന്റെ പ്രദർശനവും ലഹരിവിരുദ്ധ സന്ദേശ ക്ലാസും വിദ്യാർത്ഥികളുമായുള്ള ആശയവിനിമയവുമാണ് പരിപാടിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചത്.
ലഹരി എന്ന വിപത്ത് ഉപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും ചുറ്റുമുള്ള സമൂഹത്തെയും എത്രമാത്രം ആഴത്തിൽ ബാധിക്കുന്നുവെന്ന നേർക്കാഴ്ചയാണ് ‘അനന്തതയിലേക്ക്’ എന്ന ഹ്രസ്വചിത്രം തുറന്നുകാട്ടുന്നത്. യുഗപുരുഷൻ, പാലേരിമാണിക്യം, സൂക്ഷ്മദർശിനി, വിലായത്ത് ബുദ്ധ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ പ്രമുഖ ചിത്രങ്ങൾ നിർമ്മിച്ച എ.വി.എ പ്രൊഡക്ഷൻസാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ ശ്രീ എ.വി. അനൂപ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സീനത്ത്, ദിൽഷ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പാലക്കാട് ബി.എസ്.എസ് ഗുരുകുലം സ്കൂളിൽ നിന്ന് തുടക്കം കുറിച്ച ഈ ബോധവത്കരണ യാത്ര പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ സ്കൂളുകൾ പിന്നിട്ടാണ് കൈപമംഗലത്ത് എത്തിയത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി 50-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശവുമായി ഈ ക്യാംപയിൻ എത്തിച്ചേരും.





