സൂര്യനിൽ നിന്നുള്ള വൈദ്യുത ചാർജുള്ള കണികകൾ ഭൂമിയിലേക്ക് പ്രവഹിക്കുന്നതിനെ തുടർന്ന് ഒക്ടോബർ 11-ന് സൗരക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA). ഉപഗ്രഹങ്ങൾ, റേഡിയോ ആശയവിനിമയം, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയെ ബാധിച്ചേക്കാവുന്ന 'ജി2' (G2) വിഭാഗത്തിൽപ്പെട്ട മിതമായ ഭൗമകാന്തിക കൊടുങ്കാറ്റ് (Geomagnetic storm) മുന്നറിയിപ്പാണ് സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ നൽകിയിരിക്കുന്നത്.
ഒക്ടോബർ 7, 8 തീയതികളിൽ സൂര്യനിലുണ്ടായ രണ്ട് കൊറോണൽ മാസ് ഇജക്ഷനുകളിൽ (CME) നിന്നുള്ള പ്ലാസ്മ മേഘങ്ങളാണ് ഇതിന് കാരണം. കൂടുതൽ വേഗതയുള്ള രണ്ടാമത്തെ തരംഗം ആദ്യത്തേതുമായി സംയോജിച്ച് ഒരൊറ്റ പ്രവാഹമായി ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ പതിക്കുമെന്നാണ് വിലയിരുത്തൽ.
ഉയർന്ന അക്ഷാംശ മേഖലകളിലാണ് ജി2 തീവ്രതയുള്ള കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങൾ കൂടുതലായി പ്രകടമാവുക. ഇവിടെ വൈദ്യുതി ഗ്രിഡുകളിൽ വോൾട്ടേജ് വ്യതിയാനങ്ങളും റേഡിയോ തരംഗങ്ങളുടെ തടസ്സവും സംഭവിക്കാം. ധ്രുവദീപ്തികൾ (ഔറോറ) പതിവിലും തെക്കൻ മേഖലകളിലേക്ക് ദൃശ്യമാകാൻ സാധ്യതയുണ്ടെങ്കിലും ഇന്ത്യയിലെ ദൈനംദിന ജീവിതത്തെയോ വാർത്താവിനിമയ ശൃംഖലകളെയോ വൈദ്യുതി സംവിധാനങ്ങളെയോ ഇത് കാര്യമായി ബാധിക്കില്ല.





