ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ത്രിഭാഷാ നയത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് കൂടി ഇളവ് അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ലഭിച്ചിരുന്ന ഇളവ് ആറാം ക്ലാസുകാർക്കും ബാധകമാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടതിയുടെ ഈ നിലപാടിനെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തുവെങ്കിലും വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തി സുപ്രീം കോടതി നിർണ്ണായക തീരുമാനമെടുക്കുകയായിരുന്നു.
നിലവിലുള്ള ആറാം ക്ലാസ് ബാച്ചിന് ഇളവ് നൽകുന്ന നടപടിയോട് യോജിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നിലപാടറിയിച്ചു. രാജ്യത്തെ 99 ശതമാനം സിബിഎസ്ഇ സ്കൂളുകളും പുതിയ ഭാഷാ നയം നടപ്പാക്കാൻ പൂർണ്ണ സജ്ജമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ആകെ വരുന്ന 28,819 സിബിഎസ്ഇ സ്കൂളുകളിൽ 1.2 ശതമാനത്തിന് മാത്രമേ ഇനി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ളൂ എന്നും, പാഠപുസ്തകങ്ങൾ ലഭ്യമാണെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.
2027 മുതൽ ആരംഭിക്കുന്ന അടുത്ത അക്കാദമിക് വർഷം മുതൽ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് പ്രാദേശിക/മാതൃഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന രീതിയിൽ നയം നടപ്പിലാക്കുന്നത് ആലോചിക്കാൻ സെപ്റ്റംബർ 17-ന് സുപ്രീം കോടതി സിബിഎസ്ഇയോട് നിർദ്ദേശിച്ചിരുന്നു.
tags:
സിബിഎസ്ഇ, ത്രിഭാഷാ നയം, സുപ്രീം കോടതി, ആറാം ക്ലാസ് ഇളവ്, ജസ്റ്റിസ് സൂര്യകാന്ത്, തുഷാർ മേത്ത, ഐശ്വര്യ ഭാട്ടി, സ്കൂൾ വിദ്യാഭ്യാസം, CBSE Three Language Formula, Supreme Court of India, Class 6 Exemption CBSE, Tushar Mehta, National Education News





