ന്യൂഡൽഹി: കേന്ദ്ര സർക്കാർ തസ്തികകളിലെ ഒഴിവുകൾ നികത്താതെ സംവരണാവകാശങ്ങൾ അട്ടിമറിക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിവിധ വകുപ്പുകളിലെ ഒഴിവുകൾ ക്രമാതീതമായി വർധിച്ചുവരുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ എക്‌സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കടുത്ത വിമർശനമുന്നയിച്ചത്.
സംവരണം ഇല്ലാതാക്കാൻ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ലെന്നും സംവരണ തസ്തികകൾ തന്നെ ഇല്ലാതാക്കിയാൽ മതിയെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർവീസുകളിലെ ഒഴിവുകളുടെ കണക്കുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2015-ൽ 4.21 ലക്ഷമായിരുന്ന കേന്ദ്ര സർക്കാർ ഒഴിവുകൾ 2024 ആയപ്പോഴേക്കും 8.24 ലക്ഷമായി കുതിച്ചുയർന്നു. ഇതിൽ റെയിൽവേയിൽ മാത്രം 2.40 ലക്ഷം ഒഴിവുകളുണ്ട്. കൂടാതെ പ്രതിരോധ മന്ത്രാലയത്തിൽ 2.41 ലക്ഷവും ആഭ്യന്തര വകുപ്പിൽ 1.10 ലക്ഷവും തസ്തികകൾ നികത്തപ്പെടാതെ കിടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ 5.1 ലക്ഷം സ്ഥിരം തസ്തികകൾ വെട്ടിച്ചുരുക്കിയെന്നും താൽക്കാലിക-കരാർ ജീവനക്കാരുടെ അനുപാതം 19 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിലൂടെയും, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിലൂടെയും, സ്ഥിരം നിയമനങ്ങൾക്ക് പകരം കരാർ നിയമനങ്ങൾ നടപ്പിലാക്കുന്നതിലൂടെയും സംവരണ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങൾ പൂർണ്ണമായും ഇല്ലാതാവുകയാണെന്നും ഖർഗെ കൂട്ടിച്ചേർത്തു.





