സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് എഞ്ചിനീയറിങ് കോളജുകളിലെ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്കുള്ള കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നിർത്തലാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.
കഴിഞ്ഞ വർഷം വരെ തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിൽ വച്ചായിരുന്നു കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ സംഘടിപ്പിച്ചിരുന്നത്. ഇതുവഴി 9 സർക്കാർ എഞ്ചിനീയറിങ് കോളജുകളിലേക്കും 3 എയ്ഡഡ് കോളജുകളിലേക്കുമുള്ള ഒഴിവുകളിലേക്ക് ഒറ്റ കേന്ദ്രത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാകുമായിരുന്നു. എന്നാൽ ഇത്തവണ ഓരോ കോളജിലും വെവ്വേറെ സ്പോട്ട് അഡ്മിഷൻ നടത്താനായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടാവുകയും പ്രക്രിയ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തത്.
ഇതുപ്രകാരം, വരുന്ന 13-ാം തീയതി നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിൽ നേരിട്ട് പോകാതെ തന്നെ 9 ഗവൺമെന്റ് കോളജുകളിലെയും 3 എയ്ഡഡ് കോളജുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നേടാൻ സാധിക്കും. ഇതിനായി ഈ 12 കോളജുകളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷകർ നേരിട്ടെത്തി റിപ്പോർട്ട് ചെയ്താൽ മതിയാകും. കേന്ദ്രീകൃത സോഫ്റ്റ്‌വെയർ മുഖേന റാങ്ക് അടിസ്ഥാനമാക്കി ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു. ഇതിനായി 13-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഏതെങ്കിലും ഒരു കോളജിൽ എത്തി അപേക്ഷകർ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതോടെ തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിൽ തന്നെ എത്തണമെന്ന നിരന്തര ബുദ്ധിമുട്ടിനാണ് പരിഹാരമാകുന്നത്.
മുൻ വർഷങ്ങളിൽ തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നിയന്ത്രിച്ചിരുന്ന അതേ സോഫ്റ്റ്‌വെയർ വിദഗ്ധരുടെ സംഘം തന്നെയാണ് 13-ന് നടക്കുന്ന അഡ്മിഷൻ നടപടികളും ഏകോപിപ്പിക്കുന്നത്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികൾ ടി.സി (TC) അല്ലെങ്കിൽ എൻ.ഒ.സി (NOC) നിർബന്ധമായും കൈവശം കരുതേണ്ടതാണ്. എന്നാൽ നിലവിൽ സർക്കാർ എഞ്ചിനീയറിങ് കോളജുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് ഇതിൽ ഇളവുണ്ടായിരിക്കും.





