പരീക്ഷാ മൂല്യനിർണ്ണയത്തിൽ സംഭവിച്ച പിഴവുകൾ പരിഹരിക്കുന്നതിനായി നിർണ്ണായക തിരുത്തൽ നടപടികളിലേക്ക് കടന്ന് കേരള സർവകലാശാല. സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോ കോളജുകളിലും ഇനിമുതൽ സെൻട്രലൈസ്ഡ് വാല്യുവേഷൻ ക്യാമ്പുകൾ നടപ്പിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമേ, ചോദ്യക്കടലാസുകൾ മുൻകൂട്ടി എത്തിച്ചുനൽകുന്ന സമ്പ്രദായത്തിലും മാറ്റങ്ങൾ വരുത്തും.
സർവകലാശാലയ്ക്ക് കീഴിലുള്ള നിയമ കലാലയങ്ങളിൽ എൽ.എൽ.ബി പരീക്ഷകളുടെ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുമെന്ന് വൈസ് ചാൻസലർ നേരിട്ട് ഉറപ്പുനൽകി. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയത്തിനായി അധ്യാപകർ വീട്ടിലേക്ക് കൊണ്ടുപോകുന്ന രീതിയവസാനിപ്പിച്ച്, പകരം കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മുൻകൂട്ടി ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്ന രീതി പൂർണ്ണമായും ഒഴിവാക്കും. പകരം പരീക്ഷകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഓൺലൈൻ മാർഗ്ഗത്തിലൂടെ ചോദ്യക്കടലാസുകൾ അയച്ചുകൊടുക്കുന്ന വിധത്തിലാക്കും ക്രമീകരണം. ഒപ്പം സർവകലാശാലാ പ്രവർത്തനങ്ങൾ പൂർണ്ണമായി ഡിജിറ്റലാക്കുന്ന സോഫ്റ്റ്‌വെയറിലെ പോരായ്മകളും സാങ്കേതിക തടസ്സങ്ങളും നികത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.





