ബിരുദ കോഴ്‌സുകളിൽ ചേരുന്നതിന് ഹയർ സെക്കൻഡറി (പ്ലസ് ടു) വിജയം ഇനി നിർബന്ധ മാനദണ്ഡമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ശുപാർശയ്ക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതോടെ, പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ മറ്റ് ഭാഷാ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും ബിരുദ പഠനത്തിന് അവസരമൊരുങ്ങും. ഡിപ്ലോമയോ ഐ.ടി.ഐ യോഗ്യതയോ ഉള്ളവർക്ക് ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്.
ഐ.ടി.ഐ വിജയിച്ചവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കായിരിക്കും പ്രവേശനം ലഭിക്കുക. അതേസമയം, മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാനാകും. 2027–28 അധ്യയന വർഷം മുതലായിരിക്കും ഈ പുതിയ മാർഗ്ഗനിർദ്ദേശം പ്രാബല്യത്തിൽ വരുന്നത്. സംസ്ഥാനത്തുള്ള എല്ലാ സർവകലാശാലകളിലും ഈ നിർദ്ദേശം നടപ്പിലാക്കുന്നതിനായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.





