ന്യൂഡൽഹി: വൻതോതിലുള്ള നിക്ഷേപങ്ങൾക്കിടയിൽ ആഭ്യന്തര ചെലവുകൾ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്കായി വൊളന്ററി എക്സിറ്റ് (സ്വയം വിരമിക്കൽ) പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇന്ത്യ, യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിലെ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ജീവനക്കാർക്ക് പദ്ധതി ബാധകമാകും. കമ്പനിയുടെ ആകെ ജീവനക്കാരുടെ 27 ശതമാനത്തോളം വരുന്ന 60,000 പേരെ ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ; ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിൽ സന്ദേശം ജീവനക്കാർക്ക് ലഭിച്ചു തുടങ്ങി.
തൊഴിൽമാറ്റത്തിന് ജീവനക്കാർക്ക് പുതിയ അവസരങ്ങൾ നൽകാനും കമ്പനിയുടെ പ്രവർത്തനരീതി കൂടുതൽ സുതാര്യമാക്കാനുമാണ് പദ്ധതിയെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ അറിയിച്ചു. സ്വയം വിരമിക്കൽ തിരഞ്ഞെടുക്കുന്നവർക്ക് ഡിസംബർ 31 വരെ കമ്പനിയിൽ തുടരാൻ അവസരമുണ്ടാകും. ഈ വർഷം ഏപ്രിലിൽ യുഎസിൽ ആദ്യമായി സമാന പദ്ധതി അവതരിപ്പിച്ച മൈക്രോസോഫ്റ്റ്, ജൂലൈ മാസത്തിൽ 4,800 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവും പുറത്തുവിട്ടിരുന്നു.
ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾക്ക് ക്ലൗഡ് സേവനങ്ങൾ ഒരുക്കുന്നതിനും നിർമ്മിതബുദ്ധി (എഐ) കംപ്യൂട്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഡാറ്റാ സെന്ററുകളിൽ വൻതോതിലുള്ള നിക്ഷേപമാണ് മൈക്രോസോഫ്റ്റ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൂലധനച്ചെലവ് 50 ബില്യൺ ഡോളർ കവിയുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.





