ന്യൂഡൽഹി: സ്വകാര്യ വിമാനക്കമ്പനികൾ അമിതവും ഏകപക്ഷീയവുമായ നിരക്കുകൾ ഈടാക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള അന്തിമ ചട്ടങ്ങൾ നവംബർ 16-നകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. വിമാന ടിക്കറ്റ് നിരക്കുകളിലെ വലിയ വ്യതിയാനങ്ങളും വിമാനക്കമ്പനികളുടെ നിരക്ക് നിർണ്ണയ രീതികളും യാത്രക്കാർക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെ വെള്ളിയാഴ്ചയാണ് കോടതി ഈ നിർദേശം നൽകിയത്.
ചട്ടങ്ങൾക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചതായും രണ്ടാഴ്ചയ്ക്കകം ഇവ പ്രസിദ്ധീകരിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മുദ്രവെച്ച കവറിൽ സർക്കാർ സമർപ്പിച്ച കരട് ചട്ടങ്ങൾ പരിശോധിച്ച കോടതി, പൂർത്തിയായ ചട്ടങ്ങൾ അടുത്ത തവണ പരിഗണിക്കുമ്പോൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അന്തിമ മാർഗ്ഗരേഖ വരുന്നത് വരെ മന്ത്രാലയം നൽകിയ നിർദേശങ്ങൾ വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് വ്യോമയാന മന്ത്രാലയം മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഓഗസ്റ്റിൽ നടന്ന വാദത്തിനിടെ, നിർദേശങ്ങൾ അനുസരിക്കാത്ത വിമാനങ്ങൾ സർവീസ് നടത്തുന്നത് തടയാൻ കേന്ദ്രത്തോട് നിർദേശിച്ച സുപ്രീം കോടതി, വിഷയം അടുത്തതായി പരിഗണിക്കുന്ന നവംബർ 16-നകം അന്തിമ രേഖ നൽകാൻ ഉത്തരവിടുകയായിരുന്നു.





