തൊഴിലുടമകൾ വഴിയുള്ള ഗ്രീൻ കാർഡ് അനുവദിക്കുന്നതിലെ നിർണായകമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പ്രോഗ്രാമിൽ നിന്ന് ടിസിഎസ്, വിപ്രോ ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളെ യുഎസ് ഭരണകൂടം സസ്‌പെൻഡ് ചെയ്തു. ഈ നടപടിക്ക് പിന്നാലെ, യുഎസിലുള്ള ഇന്ത്യൻ പ്രൊഫഷണലുകൾ നാട്ടിലേക്ക് മടങ്ങിയെത്തി സ്വന്തം രാജ്യത്തെ കെട്ടിപ്പടുക്കാൻ തയ്യാറാകണമെന്ന് സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പു ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദശകങ്ങളിൽ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിൽ ഇന്ത്യക്കാർ നൽകിയ സംഭാവനകൾ വലുതാണെന്നും, എന്നിട്ടും അമേരിക്കയുടെ വലിയൊരു വിഭാഗത്തിന് തങ്ങളെ ഇനി ആവശ്യമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ജീവിതം ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്ന വേദനാജനകമായ സാഹചര്യമാണ് യുഎസിൽ വിസയിൽ തുടരുന്ന ഇന്ത്യക്കാർ ഇപ്പോൾ നേരിടുന്നത്.
ഒരു ധീരമായ പുതിയ ഭാവിയുടെ പ്രാരംഭ ബുദ്ധിമുട്ടുകളായി ഇതിനെ കാണണമെന്നും, നാട്ടിലേക്ക് മടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കിയ വെമ്പു, 'മടങ്ങിവരൂ, നമുക്ക് ഇന്ത്യയെ പടുത്തുയർത്താം' എന്നും കൂട്ടിച്ചേർത്തു.





