ഇന്ത്യയിലെ സ്റ്റാർലിങ്ക് പ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പരിഹസിച്ച ഇലോൺ മസ്കിന് ശക്തമായ മറുപടിയുമായി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ഇന്ത്യയെ നിയന്ത്രിക്കുന്നത് അംബാനിയാണെന്ന മസ്കിന്റെ പരിഹാസത്തെ എക്സിലൂടെ (ട്വിറ്റർ) ചോദ്യം ചെയ്ത വെമ്പു, രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് മൊബൈൽ ഡാറ്റ ലഭ്യമാകുന്നതിൽ റിലയൻസ് ജിയോ നിർണ്ണായക പങ്കുവഹിച്ചെന്ന് ചൂണ്ടിക്കാട്ടി.
കുറഞ്ഞ ചെലവിലുള്ള മൊബൈൽ ഇന്റർനെറ്റ്, മിതമായ മരുന്ന് നിരക്കുകൾ, കുറഞ്ഞ ചെലവിലുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയെല്ലാം സാധാരണക്കാരായ ഇന്ത്യക്കാർക്ക് ലഭ്യമാകുന്ന യാഥാർത്ഥ്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രകളിലടക്കം താൻ പ്രാദേശിക വൈ-ഫൈയെക്കാൾ ആശ്രയിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മൊബൈൽ ഡാറ്റയാണെന്നും, സാധാരണക്കാർ വലിയ ഡാറ്റ പ്ലാനുകളുള്ള ഡ്യുവൽ സിം ഫോണുകൾ ഉപയോഗിക്കുന്നത് ഇതിനാലാണെന്നും വെമ്പു ചൂണ്ടിക്കാട്ടി.
ടെസ്‌ലയ്ക്ക് സ്വന്തം നാട്ടിൽ ചൈനീസ് മത്സരത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണ് യുഎസിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് അമിത വിലയെന്ന് വെമ്പു വിമർശിച്ചു. മത്സരശേഷിയുള്ള വിപണി സൃഷ്ടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകളെയും കുറഞ്ഞ ചെലവിൽ റോക്കറ്റുകൾ വികസിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളെയും പരാമർശിച്ച അദ്ദേഹം, ചൈനീസ് ഇവികൾ ടെസ്‌ലയ്ക്ക് വെല്ലുവിളിയാകുന്നത് പോലെ ഇവ സ്പേസ് എക്സിന് ഭാവിയിൽ വെല്ലുവിളിയാകുമെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സർവീസായ സ്റ്റാർലിങ്കിന്റെ വാണിജ്യ വിന്യാസത്തിന് നിയന്ത്രണ അനുമതികൾ കാത്തിരിക്കെയാണ് മസ്കിന്റെ പരാമർശം.





