സമൂഹമാധ്യമങ്ങളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും പ്രചരിക്കുന്ന ഓഹരി വിപണി ടിപ്പുകൾ വിശ്വസിച്ച് പണം നിക്ഷേപിക്കരുതെന്ന് സെറോദ സ്ഥാപകനും സിഇഒയുമായ നിതിൻ കാമത്തിന്റെ മുന്നറിയിപ്പ്. ലിസ്റ്റ് ചെയ്ത രണ്ട് കമ്പനികളുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് വഴി നടത്തിയ 'പമ്പ് ആൻഡ് ഡംപ്' തട്ടിപ്പിൽ 200 കോടി രൂപയുടെ ട്രേഡിങ് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2026-ലും ആളുകൾ ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും പണം നഷ്ടപ്പെടുത്താനുള്ള ഏറ്റവും മണ്ടൻ വഴിയാണിതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ കാമത്ത് ചൂണ്ടിക്കാട്ടി. വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയും ഇൻഫ്ലുവൻസർമാരിലൂടെയും ഐപിഒകളും ഓഹരികളും പ്രമോട്ട് ചെയ്ത് നടത്തുന്ന കൃത്രിമ വിലവർധന തട്ടിപ്പുകൾ വരുംദിവസങ്ങളിൽ വർധിക്കാൻ മാത്രമേ സാധ്യതയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ തെറ്റായ അവകാശവാദങ്ങളിലൂടെ കൃത്രിമ ഡിമാൻഡ് ഉണ്ടാക്കി ഓഹരി വില ഉയർത്തിയ ശേഷം തട്ടിപ്പുകാർ ഉയർന്ന വിലയിൽ വിറ്റഴിച്ച് പിന്മാറുന്ന രീതിയാണെന്നും, ഇത് സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർക്ക് വൻ നഷ്ടം വരുത്തിവെക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാതെ ചുരുങ്ങിയ സമയം കൊണ്ട് വലിയ ലാഭവും ഉറപ്പുള്ള വരുമാനവും വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഔദ്യോഗിക സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗുകൾ വഴിയും റെഗുലേറ്ററി രേഖകൾ വഴിയും വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ചാറ്റ്ജിപിടി (ChatGPT) അല്ലെങ്കിൽ ക്ലോഡ് (Claude) പോലുള്ള നിർമ്മിത ബുദ്ധി സംവിധാനങ്ങളോട് ചോദിക്കുന്നത് വഴി സാമ്പത്തിക നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാമെന്നും കാമത്ത് കൂട്ടിച്ചേർത്തു.





