വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വിലയിലുണ്ടായ തുടർച്ചയായ വർധനവും പ്രവർത്തനച്ചെലവും മുൻനിർത്തി ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധനച്ചെലവ് ഉയർന്നതിനെത്തുടർന്ന് ഇൻഡിഗോ സർചാർജ് പുതുക്കി നിശ്ചയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. പുതുക്കിയ നിരക്കുകൾ എയർ ഇന്ത്യ എക്സ്പ്രസിൽ ഒക്ടോബർ 9 അർദ്ധരാത്രി 00:00 മണി മുതലുള്ള ബുക്കിംഗുകൾക്കും, എയർ ഇന്ത്യയിൽ ഒക്ടോബർ 9 രാവിലെ 11:00 മണി മുതലുള്ള ബുക്കിംഗുകൾക്കും പ്രാബല്യത്തിൽ വന്നു.
ആഭ്യന്തര റൂട്ടുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 1,200 രൂപയുമാണ് പുതിയ നിരക്ക്. തെരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകളിലും സർചാർജ് കൂട്ടിയിട്ടുണ്ട്. വടക്കേ അമേരിക്കയിലേക്കുള്ള വിമാനങ്ങൾക്ക് 215 യുഎസ് ഡോളറും, ഓസ്ട്രേലിയൻ സർവീസുകൾക്ക് 210 യുഎസ് ഡോളറും, യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് 135 യുഎസ് ഡോളറുമാണ് പുതുക്കിയ സർചാർജ്.
ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കാരണം സമീപ മാസങ്ങളിലായി ഇന്ധനവിലയിൽ വലിയ വ്യതിയാനമാണുണ്ടായതെന്ന് ഇരു എയർലൈനുകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു വിമാന സർവീസിന്റെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഇന്ധനച്ചെലവാണ്. കൂടിയ ഇന്ധനച്ചെലവ് ഭാഗികമായി നേരിടാനും തടസ്സമില്ലാത്ത സർവീസുകൾ ഉറപ്പാക്കാനുമാണ് നിരക്ക് വർധനയെന്നും, വിപണി സാഹചര്യങ്ങൾ നിരീക്ഷിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനികൾ വ്യക്തമാക്കി.





