70,000 രൂപയുടെ ഗ്ലാസ് കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മൊബൈൽ ഫോൺ ടെമ്പർഡ് ഗ്ലാസുകൾ നിർമ്മിച്ച് വിൽക്കുന്നതിലൂടെ യുവാവ് പ്രതിമാസം 50,000 മുതൽ 60,000 രൂപ വരെ ലാഭമുണ്ടാക്കുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ (ട്വിറ്റർ) കുറിപ്പ്. സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കുന്ന മെഷീനിൽ മോഡൽ തിരഞ്ഞെടുത്ത് വെറും 30 സെക്കൻഡിനുള്ളിൽ ഗ്ലാസ് നിർമ്മിച്ചെടുക്കാൻ സാധിക്കും.
ഒരു ടെമ്പർഡ് ഗ്ലാസ് നിർമ്മിക്കാൻ 8 മുതൽ 10 രൂപ വരെയാണ് ചെലവ് വരുന്നത്. ഇത് സമീപത്തെ മൊബൈൽ ഷോപ്പുകളിലേക്ക് 25 മുതൽ 30 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്.
വീട്ടുജോലിക്കാരനോട് കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മകൻ നടത്തുന്ന ഈ സംരംഭത്തെക്കുറിച്ച് അറിഞ്ഞതെന്ന് എക്സ് ഉപയോക്താവ് കുറിച്ചു. 3,31,000-ലധികം കാഴ്ചകളും അഞ്ഞൂറോളം ലൈക്കുകളും നേടിയ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. കുറഞ്ഞ മുതൽമുടക്കും വേഗത്തിലുള്ള ഉൽപ്പാദനവും കൃത്യമായ ലാഭവുമുള്ള ബിസിനസ് മാതൃകയാണിതെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.





