ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഭൂരിഭാഗം യാത്രക്കാരും സ്ഥിരമായി കാണുന്ന ഒന്നാണ് ഒരു രൂപയിൽ താഴെ മാത്രം തുക ഈടാക്കുന്ന യാത്രാ ഇൻഷുറൻസ് ഓപ്ഷൻ. ഒരു മിഠായി പോലും വാങ്ങാൻ തികയാത്ത തുകയായതിനാൽ തന്നെ ആരും ഇതിന്റെ നിബന്ധനകൾ വിശദമായി പരിശോധിക്കാൻ മുതിരാറില്ല. പ്രത്യേകിച്ച് ദസറ, ദീപാവലി, ഛത്ത് തുടങ്ങിയ ഉത്സവകാല തിരക്കുകളിൽ വണ്ടിക്കുള്ളിൽ ഒരു സീറ്റ് തരപ്പെടുത്താൻ ശ്രമിക്കുന്ന യാത്രക്കാർക്ക് ഇത്രയും ചെറിയ തുക ഒരു മാറ്റിവെക്കൽ ചെലവായി പോലും തോന്നാറില്ല. എന്നാൽ, ഒരു രൂപയിൽ താഴെ വരുന്ന ഈ ചെറിയ പ്രീമിയത്തിന് പത്തുലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുമെന്നതാണ് യാഥാർത്ഥ്യം.
സാധാരണയായി എടുക്കുന്ന ആരോഗ്യ ഇൻഷുറൻസോ എല്ലാ യാത്രാ അനിഷ്ടങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര പോളിസിയോ അല്ല ഇത്. മറിച്ച്, ട്രെയിൻ യാത്രയുമായി മാത്രം ബന്ധപ്പെടുത്തി കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുള്ള അപകട ഇൻഷുറൻസ് പരിരക്ഷയാണിത്. യാത്രക്കാർ ലക്ഷക്കണക്കിന് വരുന്നതിനാലും അവരിൽ ഭൂരിഭാഗം പേരും ക്ലെയിമുകളൊന്നുമില്ലാതെ സുരക്ഷിതമായി യാത്ര പൂർത്തിയാക്കുന്നതിനാലുമാണ് കമ്പനികൾക്ക് ഇത്രയും ചെറിയ പ്രീമിയത്തിൽ അപകട റിസ്ക് പങ്കുവെക്കാൻ സാധിക്കുന്നതെന്ന് സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് ഉപദേശകനും സഹജ് മണിയുടെ സ്ഥാപകനുമായ അഭിഷേക് കുമാർ വ്യക്തമാക്കുന്നു. ചുരുങ്ങിയ പ്രീമിയത്തിന് ലക്ഷങ്ങളുടെ ആനുകൂല്യം ലഭിക്കുന്ന ഉയർന്ന ലെവറേജ് പോളിസിയാണിതെന്ന് ഇൻഷുറൻസ് സമാധാൻ സഹസ്ഥാപകയും സിഒഒയുമായ ശിൽപ അറോറ ചൂണ്ടിക്കാട്ടുന്നു.
ഒരു രൂപയിൽ താഴെയുള്ള പ്രീമിയത്തിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ:
അപകടം മൂലമുണ്ടാകുന്ന മരണം അല്ലെങ്കിൽ പൂർണ്ണവും ശാശ്വതവുമായ അംഗഭംഗം എന്നിവയ്ക്ക് പരമാവധി പത്തുലക്ഷം രൂപ വരെയാണ് ഈ പോളിസി വാഗ്ദാനം ചെയ്യുന്നത്. ഭാഗികമായ സ്ഥിര അംഗഭംഗത്തിന് 7.5 ലക്ഷം രൂപ വരെയും, അപകടം മൂലമുള്ള പരിക്കുകൾക്ക് ആശുപത്രി ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ വരെയും ലഭിക്കും. മരണപ്പെടുന്ന സാഹചര്യത്തിൽ ഭൗതികശരീരം വീട്ടിലെത്തിക്കാനുള്ള ചെലവുകൾക്കായി പതിനായിരം രൂപയുടെ പ്രത്യേക ആനുകൂല്യവുമുണ്ട്.
ട്രെയിനിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വീണാൽ പരിരക്ഷ ലഭിക്കുമോ?
പാളം തെറ്റലോ കൂട്ടിയിടിയോ പോലുള്ള വലിയ ട്രെയിൻ ദുരന്തങ്ങൾക്ക് മാത്രമല്ല ഈ ഇൻഷുറൻസ് ബാധകമാകുന്നത്. ട്രെയിൻ അപകടങ്ങൾ, നിർദ്ദിഷ്ട അനിഷ്ട സംഭവങ്ങൾ എന്നിവയ്ക്ക് പുറമെ, ട്രെയിനിൽ പ്രവേശിക്കുമ്പോഴോ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുമ്പോഴോ സംഭവിക്കുന്ന വീഴ്ചകളും ഇതിന്റെ പരിധിയിൽ കൃത്യമായി ഉൾപ്പെടുന്നുണ്ടെന്ന് അഭിഷേക് കുമാർ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ മൂലം ആശുപത്രിവാസമോ ശാശ്വത അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ പോളിസി തുക ക്ലെയിം ചെയ്യാം.
യാത്രയ്ക്കിടയിൽ അസുഖം വന്നാൽ ക്ലെയിം ലഭിക്കുമോ?
ഇതാണ് യാത്രക്കാർക്കിടയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു ഘടകം. ട്രെയിൻ യാത്രയ്ക്കിടയിൽ ഉയർന്ന പനി വരികയോ മറ്റ് ശാരീരിക അസുഖങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ഈ പോളിസി വഴി ക്ലെയിം ലഭിക്കില്ല. സാധാരണ ഉണ്ടാകുന്ന രോഗങ്ങൾ, സ്വാഭാവിക മരണം, മുൻപുണ്ടായിരുന്ന അസുഖങ്ങൾ, ആത്മഹത്യ, സ്വയം വരുത്തിവെക്കുന്ന പരിക്കുകൾ, ടിക്കറ്റിലെ യാത്രാ തീയതിക്ക് പുറത്തുള്ള സംഭവങ്ങൾ എന്നിവയ്ക്കൊന്നും ഇതിലൂടെ പരിരക്ഷ ലഭിക്കില്ല. സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസി പോലെ ഇതൊരിക്കലും പ്രവർത്തിക്കില്ല.
ട്രെയിൻ നഷ്ടപ്പെട്ടാലോ ട്രാക്ക് മുറിച്ചുകടന്നാലോ കവറേജ് ഉണ്ടാകുമോ?
ട്രെയിൻ മിസ്സാകുന്നത് ഇൻഷുറൻസ് പരിധിയിൽ വരുന്ന ഒന്നല്ല. കൂടാതെ, ലക്ഷ്യസ്ഥാനത്ത് എത്തി സ്റ്റേഷൻ പരിസരത്തുനിന്ന് പുറത്തിറങ്ങിയ ശേഷമുണ്ടാകുന്ന അപകടങ്ങൾക്കും ഇത് ബാധകമല്ല. റെയിൽവേ ഓവർബ്രിഡ്ജുകൾ ഉപയോഗിക്കാതെ അനധികൃതമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾക്കും ആനുകൂല്യം ലഭിക്കില്ലെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
ക്ലെയിം സമർപ്പിക്കേണ്ട വിധം:
അപകടം സംഭവിച്ചാൽ ഐആർസിടിസിയെ അല്ല, മറിച്ച് പ്രസ്തുത പോളിസി കൈകാര്യം ചെയ്യുന്ന ഇൻഷുറൻസ് കമ്പനിയെയാണ് നേരിട്ട് സമീപിക്കേണ്ടത്. കൃത്യമായി പൂരിപ്പിച്ച ക്ലെയിം ഫോം, റെയിൽവേ അതോറിറ്റിയുടെ ഔദ്യോഗിക അപകട റിപ്പോർട്ട്, ആശുപത്രി ഡിസ്ചാർജ് സമ്മറി, അസ്സൽ ബില്ലുകൾ, കെവൈസി രേഖകൾ എന്നിവ ഇൻഷുറൻസ് കമ്പനി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഔദ്യോഗിക റെയിൽവേ അപകടമാണെന്ന് തെളിയിക്കുന്ന രേഖകൾ കൃത്യസമയത്ത് ഹാജരാക്കാത്തതാണ് പലപ്പോഴും ക്ലെയിം നിരസിക്കപ്പെടാൻ കാരണമാകുന്നത്. കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്ത ഉടൻ നോമിനി വിവരങ്ങൾ രേഖപ്പെടുത്താനായി മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ കയറി നോമിനിയുടെ വിവരങ്ങൾ നൽകാനും യാത്രക്കാർ ശ്രദ്ധിക്കണം.
നിലവിൽ സ്വന്തമായി വ്യക്തിഗത അപകട ഇൻഷുറൻസും മെഡിക്ലെയിം പോളിസിയും ഉള്ളവർക്ക് ഈ പോളിസി വലിയ സാമ്പത്തിക വിടവ് നികത്തുന്ന ഒന്നല്ലെങ്കിലും, നാമമാത്രമായ ചെലവ് മാത്രമുള്ളതിനാൽ കുടുംബത്തിന് അതൊരു അധിക സാമ്പത്തിക സുരക്ഷിതത്വ വലയമായി നിലനിൽക്കുമെന്നും വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.





