ന്യൂഡൽഹി: വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം മുഖേനയുള്ള സേവനങ്ങൾക്ക് ഇന്നുമുതൽ നിരക്ക് ഈടാക്കാൻ തുടങ്ങി. മുൻപ് സൗജന്യമായി നൽകിയിരുന്ന ചില സന്ദേശങ്ങൾക്ക് ഇനി മുതൽ വാണിജ്യ സംരംഭങ്ങൾ പണം നൽകേണ്ടിവരും. ഇന്ത്യയിൽ ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും സർവീസ് സന്ദേശത്തിനും 11.5 പൈസ വീതം ചാർജ് ഈടാക്കുമെന്നാണ് മാതൃസ്ഥാപനമായ മെറ്റയുടെ തീരുമാനം. വാണിജ്യപരമായ ഇടപാടുകൾക്കുള്ള ആശയവിനിമയങ്ങൾ ഇനി പൂർണ്ണമായും സൗജന്യമായിരിക്കില്ലെന്നതാണ് ഇതിലെ സുപ്രധാന മാറ്റം. കസ്റ്റമർ കെയർ പിന്തുണ, ഓർഡർ അപ്‌ഡേറ്റുകൾ, ചരക്ക് നീക്ക വിവരങ്ങൾ (ഡെലിവറി സ്റ്റാറ്റസ്), ബുക്കിംഗുകൾ, പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങൾക്കായി വാട്സ്ആപ്പിനെ ആശ്രയിക്കുന്ന കമ്പനികൾക്ക് ഈ പരിഷ്കാരം ബാധകമാകും.
വാണിജ്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഒരു മാസത്തിൽ 1000 സർവീസ് സന്ദേശങ്ങൾ സൗജന്യമായി അയക്കാം. ഇതിന് മുകളിൽ വരുന്ന സന്ദേശങ്ങൾക്ക് മാത്രമാണ് അധിക ചാർജ് ഈടാക്കുന്നത്. എന്നാൽ സാധാരണ ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന വാട്‌സാപ്പ് ബിസിനസ് ആപ്പിന് (WhatsApp Business App) യാതൊരു നിരക്കും നൽകേണ്ടതില്ല. ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കൾ നടത്തുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് കമ്പനികൾ 24 മണിക്കൂറിനകം അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്കും ഇനി മുതൽ നിരക്ക് ബാധകമായിരിക്കും; ഓൺലൈൻ ഓർഡർ നമ്പർ, ഡെലിവറി നോട്ടിഫിക്കേഷനുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങൾ എന്തൊക്കെയാണ്?
മുൻപ് നിലവിലിരുന്ന ചട്ടപ്രകാരം, ഒരു ഉപഭോക്താവ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി ബന്ധപ്പെട്ടാൽ കമ്പനികൾക്ക് പണം നൽകാതെ തന്നെ അവർക്ക് മറുപടി നൽകാമായിരുന്നു. സാധനങ്ങൾ അയച്ച വിവരങ്ങൾ, ഓർഡർ സ്ഥിരീകരണങ്ങൾ തുടങ്ങിയവയെല്ലാം ഇതിലൂടെ സൗജന്യമായി നൽകിയിരുന്നു. ഈ സംവിധാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ പുതിയ നിരക്ക് എത്ര?
പ്രതിമാസ സൗജന്യ പരിധിയായ 1000 സന്ദേശങ്ങൾ കഴിഞ്ഞാൽ, പിന്നീട് അയക്കുന്ന ഓരോ സർവീസ് സന്ദേശങ്ങൾക്കും യൂട്ടിലിറ്റി നിരക്ക് പ്രകാരം പണം ഈടാക്കും. ജിഎസ്ടി തുക ഉൾപ്പെടുത്താതെ, 1000 സർവീസ് യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് 115 രൂപയും 10,000 സന്ദേശങ്ങൾക്ക് 1150 രൂപയുമാണ് പുതിയ നിരക്ക്. ഒരൊറ്റ മെസേജിന് തുച്ഛമായ തുകയാണെന്ന് തോന്നാമെങ്കിലും, ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി നിരന്തരം സന്ദേശങ്ങൾ കൈമാറുന്ന വൻകിട കമ്പനികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറും.
എന്താണ് വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം?
വലിയ തോതിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തേണ്ട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി മെറ്റ ഒരുക്കിയിട്ടുള്ള സാങ്കേതിക സംവിധാനമാണ് വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം (WhatsApp Business Platform). പ്രത്യേക സോഫ്റ്റ്‌വെയറുകളിലൂടെയും എപിഐ (API) ടൂളുകളിലൂടെയുമാണ് ഇത് പ്രവർത്തിക്കുന്നത്. കമ്പനികൾക്ക് അവരുടെ ആഭ്യന്തര കമ്പ്യൂട്ടർ സിസ്റ്റങ്ങളോ ഉപഭോക്തൃ സേവന സംവിധാനങ്ങളോ തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകളോ വഴി വലിയ അളവിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ഇതുവഴി സാധിക്കുന്നു. സാധാരണക്കാർ ഉപയോഗിക്കുന്ന വാട്‌സാപ്പിൽ നിന്നും ചെറുകിട വ്യാപാരികളുടെ ബിസിനസ് വാട്‌സാപ്പ് ആപ്പിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ പ്ലാറ്റ്‌ഫോം. ബാങ്കുകൾ, വൻകിട റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയ വൻകിട സ്ഥാപനങ്ങളാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്.





