കൊച്ചി: വിമാന സർവീസുകൾ തുടർച്ചയായി വൈകുന്ന സാഹചര്യത്തിൽ പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് ശക്തമായ മുന്നറിയിപ്പുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). സർവീസുകൾ സമയനിഷ്ഠ പാലിച്ചില്ലെങ്കിൽ അനുവദിച്ചിട്ടുള്ള സ്ലോട്ടുകൾ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ചൂണ്ടിക്കാട്ടി സിയാൽ കമ്പനിക്ക് നോട്ടീസ് നൽകി. ഓഗസ്റ്റ് ഒന്ന് മുതൽ സ്പൈസ് ജെറ്റിന്റെ സർവീസുകൾ വലിയ തോതിൽ വൈകുന്നുണ്ട്. വിവിധ എയർപോർട്ട് സേവനങ്ങൾ നൽകിയ വകയിൽ കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയും കമ്പനി സിയാലിന് നൽകാനുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും സർവീസുകളിൽ വലിയ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാത്രി 9.20-ന് കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന ദുബായ് വിമാനം അർദ്ധരാത്രി 12.25-നാണ് എത്തിച്ചേർന്നത്. ഇതിനുപുറമെ, ഇന്നലെ രാവിലെ 6.55-ന് കൊച്ചിയിലെത്തേണ്ടിയിരുന്ന ഫുജൈറ വിമാനം പൂർണ്ണമായും റദ്ദാക്കി. ഞായറാഴ്ച രാത്രി 11.45-ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഫുജൈറ സർവീസ് ആദ്യം 9.40-ലേക്ക് മാറ്റിയതായി അറിയിച്ചെങ്കിലും ഒടുവിൽ യാത്ര റദ്ദാക്കുകയായിരുന്നു.





