ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെക്കുന്ന കുറിപ്പുകൾ സാധാരണക്കാർ കാണുന്നതിന് മുൻപ് ലഭ്യമാക്കാൻ പ്രതിമാസം ഒരു ലക്ഷം ഡോളറോളം നൽകാൻ പ്രമുഖ സാമ്പത്തിക വാർത്താ ഏജൻസിയായ ബ്ലൂംബെർഗും വാൾസ്ട്രീറ്റ് ട്രേഡിങ് സ്ഥാപനങ്ങളും കരാറിലെത്തി. അൽഗോരിതമിക്, ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വഴി ഓഹരി ഇടപാടുകൾ നടത്തുന്ന സുസ്ക്വെഹന്ന ഇന്റർനാഷണൽ ഗ്രൂപ്പ്, ജമ്പ് ട്രേഡിങ് എന്നിവയാണ് ബ്ലൂംബെർഗിനൊപ്പം ഈ മുൻഗണനയ്ക്കായി പണം നൽകാൻ തയ്യാറായത്.
'ട്രൂത്ത് എപിഐ' എന്ന സംവിധാനത്തിലൂടെ സാധാരണ ഉപയോക്താക്കൾ ആപ്പിൽ പരിശോധിക്കുന്നതിനേക്കാൾ 50 മില്ലിസെക്കൻഡ് മുൻപ് ഈ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് ട്രംപിന്റെ പോസ്റ്റുകൾ എത്തും. ഒരു സെക്കൻഡിന്റെ ആയിരത്തിലൊരംശം സമയം കൊണ്ടുപോലും ഇടപാടുകൾ നടത്തുന്ന സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന വാൾസ്ട്രീറ്റ് സ്ഥാപനങ്ങൾക്ക്, വാർത്തകൾ പുറത്തുവന്ന് ഓഹരിവില മാറുന്നതിന് മുൻപേ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധാരണ നിക്ഷേപകരേക്കാൾ വലിയ സാമ്പത്തിക മുൻതൂക്കം ഇത് നൽകും. കഴിഞ്ഞ ഏപ്രിലിൽ ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത് ഇത്തരം വിവരങ്ങൾ മുൻകൂട്ടി ലഭിക്കുന്നതിലൂടെയുള്ള വൻ സാമ്പത്തിക നേട്ടത്തിന് ഉദാഹരണമാണ്.
അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ വാക്കുകൾ പണം വാങ്ങിക്കൊണ്ട് ആദ്യം ലഭ്യമാക്കുന്ന ചരിത്രത്തിലാദ്യത്തെ ഈ രീതിക്കെതിരെ യുഎസിൽ കടുത്ത നിയമ-രാഷ്ട്രീയ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ഔദ്യോഗിക സർക്കാർ വിവരങ്ങൾ പണം നൽകുന്നവർക്ക് മാത്രം നൽകുന്നത് വാൾസ്ട്രീറ്റിലെ ധനികർക്ക് അനുകൂലമായ അഴിമതിയാണെന്നും ഭരണഘടനയുടെ ഒന്നും അഞ്ചും ഭേദഗതികളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഇന്റർസെപ്റ്റ് മീഡിയയും ഫ്രീഡം ഓഫ് ദി പ്രസ് ഫൗണ്ടേഷനും ഓഗസ്റ്റിൽ കോടതിയെ സമീപിച്ചു. പ്രസിഡന്റ് പദവിയുടെ ഞെട്ടിക്കുന്ന ദുരുപയോഗമാണിതെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് സെനറ്റർമാരായ എലിസബത്ത് വാറനും ആദം ഷിഫും ജൂലൈയിൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) പരാതി നൽകിയെങ്കിലും എസ്ഇസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ പുതിയ എപിഐ സേവനത്തിന് വിപണിയിൽ വലിയ ആവശ്യക്കാരുണ്ടെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജൂലൈയിൽ സേവനം പ്രഖ്യാപിച്ച ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ് വ്യക്തമാക്കി; കമ്പനിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് വാർത്തകൾക്ക് പിന്നിലെന്നും അവർ പ്രതികരിച്ചു. അതേസമയം, ആഗോള സാമ്പത്തിക ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക വിദഗ്ധർക്കും കോർപ്പറേഷനുകൾക്കും സർക്കാരുകൾക്കും തത്സമയ മാർക്കറ്റ് ഇന്റലിജൻസും വാർത്തകളും അനലിറ്റിക്സും നൽകുന്ന ബ്ലൂംബെർഗോ, ജംപ് ട്രേഡിംഗോ, സുസ്ക്വെഹന്നയോ ഈ വിഷയത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.





