വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് (71) ശ്വാസകോശത്തിൽ അഡിനോകാർസിനോമ കാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യുവിന്റെ ഹിസ്റ്റോളജിക്കൽ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്; എന്നാൽ കാൻസർ പ്രാരംഭ ഘട്ടത്തിൽത്തന്നെ തിരിച്ചറിയാനായത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് വീഡിയോ-അസിസ്റ്റഡ് സാങ്കേതികവിദ്യ വഴി 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. സങ്കീർണ്ണതകളൊന്നുമില്ലാതെ പൂർത്തിയായ പ്രക്രിയയ്ക്കായി മൂന്ന് മണിക്കൂറോളമാണ് അദ്ദേഹം ഓപ്പറേഷൻ തിയേറ്ററിൽ ചെലവഴിച്ചത്.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ സാധാരണ നിലയിൽ ബോധം വീണ്ടെടുത്ത മാർപാപ്പയെ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റി വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒക്ടോബർ 20 വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്.





