വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ. മേഖലയിലേക്ക് സൈന്യത്തെ വിന്യസിച്ചതിനും യുദ്ധം സൃഷ്ടിച്ച കടുത്ത വിലക്കയറ്റത്തിനും പൂർണ്ണ ഉത്തരവാദി ട്രംപാണെന്ന് നേതാക്കൾ ആരോപിച്ചു. കൊല്ലപ്പെട്ട സൈനികരുടെ യഥാർത്ഥ കണക്കുകൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും, ഈ നിയമവിരുദ്ധ പോരാട്ടത്തിലേക്ക് 10,000 യുഎസ് സൈനികരെക്കൂടി അധികമായി അയക്കുകയാണെന്നും സെനറ്റ് വിദേശകാര്യ സമിതി അംഗമായ ക്രിസ് വാൻ ഹോളൻ തുറന്നടിച്ചു. യുദ്ധത്തിന് സർക്കാർ അനുവദിക്കുന്ന ധനസഹായം യുഎസ് കോൺഗ്രസ് അടിയന്തരമായി തടയണമെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വിദേശകാര്യ സമിതിയിലെ മറ്റൊരു ഡെമോക്രാറ്റിക് സെനറ്ററായ ക്രിസ് മർഫിയും യുദ്ധനീക്കത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. അശാസ്ത്രീയമായി കൈകാര്യം ചെയ്തതോടെ വൻ ദുരന്തമായി പരിണമിച്ച ഈ പോരാട്ടം രാജ്യത്തിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് മർഫി ചൂണ്ടിക്കാട്ടി. പെട്രോൾ വിലയിലാണ് ഇതിന്റെ ആഘാതം നേരിട്ട് പ്രതിഫലിക്കുന്നത്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന നിരക്കിന്റെ ഇരട്ടിയോളമായി ഡീസൽ വില വർദ്ധിച്ചത് എല്ലാ മേഖലകളിലെയും ചെലവ് കുത്തനെ ഉയർത്തുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതിനിടെ, ഹോർമൂസ് കടലിടുക്കിലൂടെ നീങ്ങുകയായിരുന്ന കുവൈത്ത് പതാക വഹിച്ച എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണമുണ്ടായതിനെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരെ ഒമാനിലേക്ക് സുരക്ഷിതമായി മാറ്റിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. രക്ഷാദൗത്യത്തിന് പൂർണ്ണ പിന്തുണ നൽകിയ ഒമാൻ അധികാരികൾക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയം നന്ദി അറിയിച്ചു. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള 'എംടി കാസിമ III' എന്ന കൂറ്റൻ ക്രൂഡ് കാരിയറിന് (VLCC) നേരെയാണ് ആക്രമണം നടന്നത്. പ്രൊജക്ടൈൽ പതിച്ചതോടെ കപ്പലിൽ തീപടരുകയായിരുന്നു. ഒരാഴ്ചക്കിടെ കെഒടിസിയുടെ സൂപ്പർടാങ്കറുകൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്; നേരത്തെ 'അൽ ഫുന്താസ്' എന്ന എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായിരുന്നു. വാണിജ്യ-എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ടുള്ള പ്രൊജക്ടൈൽ-ഡ്രോൺ ആക്രമണങ്ങൾ മേഖലയിൽ വർദ്ധിച്ചുവരുന്നതിനിടയിലാണ് പുതിയ സംഭവം.
അതേസമയം, 100 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലും ഡീസലും വിപണിയിലേക്ക് തുറന്നുവിടാൻ ജി7 സഖ്യം തീരുമാനിച്ചത് ട്രംപിന് താൽക്കാലിക ആശ്വാസമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ വിതരണ ശൃംഖല തടസ്സപ്പെടുകയും ഇന്ധനവില ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. ട്രംപ് ഭരണകൂടം നൽകിയ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങൾ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. യുഎസ് അടക്കമുള്ള മുൻനിര വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7, വരും ദിവസങ്ങളിൽ വൻതോതിൽ ഡീസൽ കരുതൽ ശേഖരം വിപണിയിലെത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.





