പാരീസ്: അധ്യാപകരുടെ രൂക്ഷമായ ദൗർലഭ്യത്തിനും സ്കൂളുകളിലെ മോശം ഭൗതികസാഹചര്യങ്ങൾക്കുമെതിരെ ഫ്രാൻസിൽ വിദ്യാർത്ഥി സമരം അതിശക്തമാകുന്നു. പ്രക്ഷോഭത്തെത്തുടർന്ന് രാജ്യത്തെ എഴുനൂറിലേറെ വിദ്യാലയങ്ങളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർത്ഥികളാണ് തെരുവിലിറങ്ങി സമരം നയിക്കുന്നത്. വിവിധ നഗരങ്ങളിലെ വിദ്യാലയങ്ങൾക്ക് മുൻപിൽ തീകൂട്ടിയും പ്രധാന പാതകളും പ്രവേശന കവാടങ്ങളും ഉപരോധിച്ചുമാണ് വിദ്യാർത്ഥികൾ രോഷം പ്രകടിപ്പിച്ചത്. ഫ്രാൻസിലെ ആകെയുള്ള 3,700 സ്കൂളുകളിൽ 735-ൽ പരം സ്ഥാപനങ്ങളെ സമരം കാര്യമായി ബാധിച്ചതായി നീതിന്യായ മന്ത്രി ജെറാൾഡ് ദർമാനിൻ സ്ഥിരീകരിച്ചു. ഇതിൽ 222 സ്കൂളുകൾ പൂർണ്ണമായും വിദ്യാർത്ഥികളുടെ ഉപരോധത്തിലാണ്.
പലയിടങ്ങളിലും പ്രക്ഷോഭകരും പോലീസും തമ്മിൽ രൂക്ഷമായ തെരുവ് യുദ്ധമാണ് അരങ്ങേറിയത്. ഇന്നലെ ഒറ്റ ദിവസം കൊണ്ടുമാത്രം 1,747 പേരെ കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ നുനെസ് വ്യക്തമാക്കി. അക്രമസംഭവങ്ങളിൽ 40 പ്രധാനാധ്യാപകർ ഉൾപ്പെടെ 65 സ്കൂൾ ജീവനക്കാർക്കും 305 പോലീസുകാർക്കും പരിക്കേറ്റു. തലസ്ഥാനമായ പാരീസിന് പുറമെ മോൺപെലിയർ, നാന്ത്, മാർസെയ് എന്നീ പ്രധാന നഗരങ്ങളിലും പ്രക്ഷോഭം അക്രമാസക്തമായി. പാരീസ് മേഖലയിൽ മാത്രം അമ്പതോളം വിദ്യാലയങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
മാർസെയിൽ സ്കൂൾ പ്രിൻസിപ്പലിനും ഡെപ്യൂട്ടി പ്രിൻസിപ്പലിനും നേരെ പെട്രോൾ ഒഴിച്ചതായും, നാന്തിൽ ഒരു ഹൈസ്കൂളിന്റെ പ്രവേശന കവാടത്തിന് തീവെച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്ട്രാസ്ബർഗിൽ വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും നിയന്ത്രണങ്ങളുടെ ഭാഗമായി ട്രാം ഗതാഗതം റദ്ദാക്കുകയും ചെയ്തു. ബെൽഫോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പതിനേഴുകാരനായ വിദ്യാർത്ഥിയെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. സർവ്വകലാശാലാ വിദ്യാർത്ഥികൾ കൂടി ക്യാമ്പസുകൾ ഉപരോധിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി. കഴിഞ്ഞയാഴ്ച പാരീസിൽ തുടക്കമിട്ട സമരം ഇതിനോടകം രാജ്യത്തിന്റെ ഇതര മേഖലകളിലേക്കും പടർന്നുപിടിക്കുകയായിരുന്നു.





