ദുബായ്: ഫ്ലൈ ദുബായ് സർവീസിനിടെ ഇന്ത്യൻ വംശജനായ വിമാന ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന്റെ പശ്ചാത്തലത്തെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. തീവ്രവാദ ആശയങ്ങൾ പുലർത്തുന്നുവെന്ന സംശയത്തെത്തുടർന്ന് ഒമാൻ ഭരണകൂടം ഇയാൾക്ക് നേരത്തെ പ്രവർത്തന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫ്ലൈ ദുബായ് ഇയാളെ ജോലിയിൽ പ്രവേശിപ്പിച്ചത്.
ആക്രമണം നടത്തിയ പ്രതി ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണെന്ന് അന്വേഷണ കേന്ദ്രങ്ങൾ വാൾസ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തി. യുഎഇയിൽ ജനിച്ചു വളർന്ന ഇയാളുടെ പിതാവ് ഒമാൻ പൗരനും മാതാവ് സിറിയൻ സ്വദേശിയുമാണ്. യുഎഇയിൽ ദീർഘകാലം താമസിച്ചിട്ടുള്ള ഹമാം അൽ-ഹമാമി, ബ്രിട്ടനിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ഒമാൻ എയറിൽ ഏഴ് വർഷത്തോളം ജോലി ചെയ്തു. എന്നാൽ തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതികൾ വച്ചുപുലർത്തുന്നുവെന്ന നിരീക്ഷണത്തെത്തുടർന്ന് ഇയാളെ വിമാനം പറത്തുന്നതിനുള്ള പരിശീലനത്തിൽ നിന്ന് ഒഴിവാക്കി മറ്റ് ചുമതലകളിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിൽ ഒമാൻ എയറിലെ ജോലി ഉപേക്ഷിച്ച ഇയാൾ, റോയൽ എയർ മാറോക്കിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ച ശേഷമാണ് എട്ട് മാസം മുമ്പ് ഫ്ലൈ ദുബായിൽ എത്തിയത്.
വിമാനത്തിൽ ആക്രമണം നടത്തി ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോൾ പ്രതിയുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ രണ്ട് പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു; പിന്നീട് ഈ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടു. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ഇതിലൊന്ന്. ഇസ്രായേലി എയർലൈൻസുകളായ 'എൽ അൽ', 'അർകിയ' എന്നിവയുടെ വിമാനങ്ങൾ ഇതിൽ കാണിക്കുന്നുണ്ട്. മുൻ അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി, 2009-ൽ സിഐഎ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവി എന്നിവരുടെ ചിത്രങ്ങളോടെയാണ് ഈ വീഡിയോ ദൃശ്യം അവസാനിക്കുന്നത്. രണ്ടാമത്തെ പോസ്റ്റിലാകട്ടെ, മക്ക, മദീന, ജറുസലേം എന്നീ പുണ്യകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന എഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള കവിതയുമാണ് പങ്കുവെച്ചിരുന്നത്. ഇതിനുപുറമെ, ഇയാളുടെ പഴയ എക്സ് (ട്വിറ്റർ) അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് കടുത്ത സ്ത്രീവിരുദ്ധതയും മതമൗലികവാദവും ഇയാൾ പുലർത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഇസ്രായേലുമായി നയതന്ത്രബന്ധം പുലർത്താത്ത ഒമാനിലെ ഒരു പൗരന് ടെൽ അവീവിലേക്ക് പോകുന്ന സർവീസിൽ പൈലറ്റാകാൻ എങ്ങനെ അനുമതി ലഭിച്ചു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതായതിനാൽ, സംഭവം ആസൂത്രിതമായ ഭീകരപ്രവർത്തനമാണോ എന്ന് വിശദമായി പരിശോധിക്കാൻ യുഎഇ അറ്റോർണി ജനറൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സൗദി അറേബ്യയിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി സുരക്ഷാ ഏജൻസികളും അന്വേഷണത്തിന്റെ ഭാഗമാകുന്നുണ്ട്.
യുഎഇയെയും ഇസ്രായേലിനെയും ബന്ധിപ്പിക്കുന്ന അതീവ തന്ത്രപ്രധാന റൂട്ടിലാണ് ഇയാൾക്ക് വിമാനം പറത്താൻ ചുമതല നൽകിയിരുന്നത്. പൈലറ്റിന്റെ തീവ്രവാദ ചായ്‌വിനെക്കുറിച്ചുള്ള വിവരങ്ങൾ ഒമാൻ മറ്റ് സുരക്ഷാ ഏജൻസികൾക്കോ എയർലൈനുകൾക്കോ കൈമാറിയിരുന്നോ എന്നതിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ യുഎഇയുടെ നേതൃത്വത്തിലാണ് സമഗ്രാന്വേഷണം മുന്നോട്ടുപോകുന്നത്. ആക്രമി ഇസ്ലാമിക തീവ്രവാദത്തിലേക്ക് വഴിമാറിയ ആളാണെന്നും വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. വിമാനത്തിൽ എന്താണ് നടന്നതെന്ന് പൂർണമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പൈലറ്റ് ഒറ്റയ്ക്കാണോ അതോ മറ്റേതെങ്കിലും ഭീകരസംഘടനകളുടെ സഹായത്തോടെയാണോ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും വിശദമായി പരിശോധിക്കുകയാണെന്നും നെതന്യാഹു അറിയിച്ചു.





