വാഷിങ്ടൺ: ഒരുവശത്ത് സമാധാന ശ്രമങ്ങൾ പുരോഗമിക്കവെ, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധ നടപടികൾ വീണ്ടും ശക്തമാക്കി അമേരിക്ക. ഇറാന് സഹായമെത്തിച്ച വിദേശ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെയും യുഎസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറാനിയൻ സൈന്യവുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്തോളം കമ്പനികൾക്കെതിരെയാണ് യുഎസ് ഭരണകൂടം പുതിയ ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ റെവല്യൂഷണറി ഗാർഡിന് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. സൈന്യത്തിന് സാമ്പത്തിക സഹായം എത്തിക്കുന്ന ഏജൻസികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കൈമാറുന്നവർക്ക് 15 മില്യൺ ഡോളർ പാരിതോഷികം നൽകുമെന്നും യുഎസ് ഭരണകൂടം അറിയിച്ചു. ചൈന, റഷ്യ, പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ടെക്നോളജി സ്ഥാപനങ്ങളും പ്രതിനിധികളും ഇറാന്റെ സൈനികാവശ്യങ്ങൾക്കായി ആയുധങ്ങൾ വാങ്ങി നൽകിയതായാണ് യുഎസ് ട്രഷറി വകുപ്പിന്റെ കണ്ടെത്തൽ. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് കടന്നത്.
അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഇറാന്റെ സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടുത്തുന്നതിനായി ട്രഷറി വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. യുഎസ് ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കെ വീണ്ടും സൈനിക ആക്രമണ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഖത്തറിന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ മുന്നോട്ടുപോകുന്ന വേളയിലാണ് ഇറാന്റെ ഭീഷണി. ഇതിനിടെ, ഇറാനെതിരായ യുദ്ധം അതിവേഗം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് ട്രംപ് ആവർത്തിച്ചെങ്കിലും, ഇറാനുമായുള്ള കരാറിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയില്ല. ഇതിനിടെ, വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് മുൻനിർത്തി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) യുഎസ് വോട്ടർമാർക്കായി ഒരു തുറന്ന കത്ത് പുറത്തിറക്കിയിട്ടുണ്ട്; ട്രംപ് ഭരണകൂടത്തെ അധികാരത്തിൽ നിന്ന് മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ഇറാനുമായി ഈ ആഴ്ച കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ഈ പോരാട്ടത്തിൽ അമേരിക്ക അതിവേഗ വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഎസുമായുള്ള നയതന്ത്ര തലത്തിലുള്ള ചർച്ചകൾക്ക് ഇറാൻ സദാ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി.





