ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിൽ സായാഹ്ന നടത്തത്തിനിറങ്ങിയ 78-കാരിയായ ഇന്ത്യൻ വയോധികയുടെ പക്കൽനിന്ന് 20 ലക്ഷം രൂപ മതിപ്പുവിലയുള്ള സ്വർണാഭരണങ്ങൾ കാറിലെത്തിയ യുവതി തട്ടിയെടുത്തതായി പരാതി. കാലിൽ തൊട്ട് അനുഗ്രഹം തേടാനെന്ന വ്യാജേന അരികിലെത്തിയ കനേഡിയൻ യുവതിയാണ് വൃദ്ധയെ കബളിപ്പിച്ച് സ്വർണമാലയും വളകളും കൈക്കലാക്കിയത്. മോഷണം സംബന്ധിച്ച് വയോധികയുടെ മകൻ രാഘവേന്ദ്ര കുമാർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.
വൈകുന്നേരത്തെ പതിവ് നടത്തത്തിനിടെയാണ് വയോധിക കവർച്ചയ്ക്ക് ഇരയായത്. ഇവർ നടന്നുപോകവേ സമീപത്തായി ഒരു കാർ വന്ന് നിൽക്കുകയും അതിൽനിന്ന് ഒരു യുവതി പുറത്തിറങ്ങുകയുമായിരുന്നു. തുടർന്ന് ആദരവോടെ അനുഗ്രഹം വാങ്ങാനെന്ന വ്യാജേന വയോധികയുടെ പാദങ്ങളിൽ സ്പർശിക്കുകയും, ശേഷം ഇവരെ ആലിംഗനം ചെയ്യുന്നതിനിടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ തന്ത്രപൂർവ്വം ഊരിയെടുക്കുകയുമായിരുന്നു. അമ്മയ്ക്ക് ഇംഗ്ലീഷ് ഭാഷ വശമില്ലെന്നും സമീപത്തെ അയൽവാസിയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതിയോട് സംസാരിച്ചതെന്നും രാഘവേന്ദ്ര പോലീസിനെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും മോഷ്ടാവിനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രതീക്ഷിക്കാതെ നേരിടേണ്ടി വന്ന ഈ ദുരനുഭവത്തിൽ അമ്മ കടുത്ത ഭീതിയിലാണെന്ന് മകൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന് ഏകദേശം അരമണിക്കൂറോളം ഭയം കാരണം അമ്മയ്ക്ക് സംസാരിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും വിറച്ചുകൊണ്ടാണ് അവർ വീട്ടിലേക്ക് ഓടിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 110 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.





