വാഷിങ്ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി മാറ്റണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ആശയം തികഞ്ഞ വിജയം കാണുമെന്നും വാഷിങ്ടണിന് ഈ മേഖലയിൽ പൂർണ്ണമായ ആധിപത്യമുണ്ടെന്നും മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഇറാന് എതിരെ അമേരിക്ക നടപ്പിലാക്കിയ നാവിക ഉപരോധം പൂർണ്ണമായും ഫലപ്രദമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം യാതൊരു തടസ്സവുമില്ലാതെ തുടരുന്നതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വില കുറയാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാൻ മുന്നൂറു ശതമാനം പണപ്പെരുപ്പത്തിന്റെ പിടിയിലാണെന്നും, അവരുടെ സൈന്യം ഇതിനോടകം തന്നെ പരാജയം പൂർണ്ണമായി അംഗീകരിച്ചുകഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'അതൊരു മികച്ച നിർദ്ദേശമാണ്. ഉപരോധത്തിലൂടെ ഹോർമുസ് ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തെ ഞങ്ങളുടെ സ്വന്തം ഭൂമിയായി പ്രഖ്യാപിക്കുന്നതിനെ ഞാൻ പിന്തുണയ്ക്കുന്നു. ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് സമ്പൂർണ്ണ മേധാവിത്വമാണുള്ളത്. യു.എസ് ഏർപ്പെടുത്തിയ ഉപരോധം വളരെ ശക്തമായിത്തന്നെ മുന്നോട്ടുപോകുന്നുണ്ട്,' ട്രംപ് പറഞ്ഞു. അതേസമയം, കടലിൽ കുഴിബോംബുകൾ സ്ഥാപിച്ച് ചരക്കുകപ്പലുകൾക്ക് നേരെ ഭീഷണി ഉയർത്താൻ ഇറാനിയൻ സേനയ്ക്ക് സാധിക്കുമെന്ന കാര്യം അദ്ദേഹം തുറന്നുസമ്മതിച്ചു.
'ഹോർമുസ് കടലിടുക്ക് ഇപ്പോൾ സുഗമമായി തുറന്നുകിടക്കുകയാണ്. അതുകൊണ്ടാണ് ക്രൂഡ് ഓയിൽ വില താഴേക്ക് പോകുന്നത്. നിലവിലുള്ള സാഹചര്യത്തിൽ മാറ്റമില്ലെങ്കിൽ വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. എങ്കിലും, ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതിനേക്കാൾ കടുത്ത നടപടികൾ നടപ്പിലാക്കിയാൽ മാത്രമേ വിപണിയിൽ കൂടുതൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകൂ,' ട്രംപ് വ്യക്തമാക്കി.





