ജയ്പൂർ: പുരാതന ഇന്ത്യൻ രസതന്ത്ര രീതികൾ ഉപയോഗിച്ച് രസത്തെ (മെർക്കുറി) സ്വർണ്ണമാക്കി മാറ്റിയെന്ന അവകാശവാദവുമായി ഇന്ത്യയുടെ പൊഖ്റാൻ-2 ആണവ പരീക്ഷണങ്ങളിൽ പങ്കാളിയായിരുന്ന ശാസ്ത്രജ്ഞൻ ലാൽ ബഹാദൂർ രംഗത്ത്. രാജസ്ഥാൻ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ജയ്പൂരിലെ കനോഡിയ കോളേജ് ഫിസിക്സ് ലബോറട്ടറിയിൽ 0.240 ഗ്രാം രസമുപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഉപരിതലത്തിൽ 23.77 കാരറ്റ് പരിശുദ്ധിക്ക് തുല്യമായ 99.04 ശതമാനം സ്വർണ്ണം രേഖപ്പെടുത്തിയതായി ഇദ്ദേഹവും സംഘവും അവകാശപ്പെടുന്നത്. എന്നാൽ രസം യഥാർത്ഥത്തിൽ സ്വർണ്ണമായി മാറിയെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബിറ്റ്സ് പിലാനിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ലാൽ ബഹാദൂർ, ആചാര്യ നാഗാർജ്ജുനൻ്റെ രചനകളിലെ 'രസശാസ്ത്ര' പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷണം നടത്തിയതെന്ന് പറയുന്നു. 'പാരദ സംസ്കാരം', 'ധാതു പരിവർത്തനം' എന്നീ രീതികൾ വർഷങ്ങളോളം പഠിച്ചാണ് പ്രക്രിയ പൂർത്തിയാക്കിയതെന്നും പരീക്ഷണവേളയിൽ റേഡിയേഷൻ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രജ്ഞനെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ ഈ വാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇന്ത്യാ ടുഡേ വ്യക്തമാക്കി.
സാമ്പിളിൻ്റെ ഉപരിതല ഘടന മാത്രം പരിശോധിക്കുന്ന 'സ്കിൻ ടെസ്റ്റ്' ഫലം മാത്രമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. ഉപരിതലത്തിൽ 99.04 ശതമാനം സ്വർണ്ണവും, 0.48 ശതമാനം വെള്ളിയും, 0.48 ശതമാനം ചെമ്പും കണ്ടെത്തിയിട്ടുണ്ടെങ്കിലും സാമ്പിൾ മുഴുവനായി ഇതേ പരിശുദ്ധി കൈവരിച്ചെന്നോ കണ്ടെത്തിയ സ്വർണ്ണം രസത്തിൽ നിന്ന് രൂപപ്പെട്ടതാണെന്നോ ഇത് തെളിയിക്കുന്നില്ല. സ്വർണ്ണം നേരത്തെ തന്നെ മാലിന്യമായി അടങ്ങിയിരുന്നതാണോ അതോ പുറത്തുനിന്ന് കലർന്നതാണോ എന്ന് കണ്ടെത്താൻ തുടർപരിശോധനകൾ ആവശ്യമാണ്.





