Malayali Media
Technology

100 മീറ്റർ 9.32 സെക്കൻഡിൽ; ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് തകർത്ത് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്

24 Aug 20262 views 3 min read
100 മീറ്റർ 9.32 സെക്കൻഡിൽ; ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് തകർത്ത് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്
Advertisement

ബെയ്ജിങ്: ഇതിഹാസ അത്‌ലറ്റ് ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള ചരിത്രപ്രസിദ്ധമായ 100 മീറ്റർ ലോക റെക്കോർഡ് ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട് മറികടന്നു. പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ വികസിപ്പിച്ചെടുത്ത റോബോട്ട് വെറും 9.32 സെക്കൻഡിലാണ് 100 മീറ്റർ ഓടിയെത്തി പുതിയ റെക്കോർഡ് കുറിച്ചതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു. 2009-ലെ ബെർലിൻ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ബോൾട്ട് സ്ഥാപിച്ച 9.58 സെക്കൻഡിന്റെ ലോക റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

'ലൈറ്റ്‌നിങ്' എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് സെക്കൻഡിൽ 14.5 മീറ്റർ വേഗത കൈവരിച്ചതായാണ് വിവരം. ബെയ്ജിങ്ങിൽ തുടക്കമായ രണ്ടാം വേൾഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി നടത്തിയ പരീക്ഷണ ഓട്ടത്തിലായിരുന്നു ഈ അവിശ്വസനീയ പ്രകടനം. നിർമ്മാണ മേഖല, ലോജിസ്റ്റിക്സ് തുടങ്ങിയ രംഗങ്ങളിൽ മനുഷ്യസമാന റോബോട്ടുകളുടെ വിന്യാസം വേഗത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി ഹ്യൂമനോയ്ഡ് റോബോട്ടിക്സ് മേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ് ചൈന നൽകിവരുന്നത്.

കഴിഞ്ഞ ഏപ്രിലിൽ നടന്ന ബെയ്ജിങ് ഹാഫ് മാരത്തണിലും ലൈറ്റ്‌നിങ് വിസ്മയം സൃഷ്ടിച്ചിരുന്നു. 21 കിലോമീറ്റർ ദൂരം 50 മിനിറ്റും 26 സെക്കൻഡും കൊണ്ടാണ് അന്ന് റോബോട്ട് ഓടിത്തീർത്തത്. മനുഷ്യരിലെ എലൈറ്റ് വിഭാഗം കായികതാരങ്ങളുടെ റെക്കോർഡ് വേഗതയേക്കാൾ മുന്നിലായിരുന്നു ഈ സമയം. ഹാഫ് മാരത്തൺ വേളയിൽ 169 സെന്റീമീറ്റർ ഉയരവും 95 സെന്റീമീറ്റർ നീളമുള്ള കാലുകളുമായിരുന്ന റോബോട്ടിന് ഉണ്ടായിരുന്നത്. എന്നാൽ റോബോട്ട് ഗെയിംസിന് മുന്നോടിയായി ഗവേഷകർ കാലുകളുടെ നീളം 10 സെന്റീമീറ്റർ കൂടി വർദ്ധിപ്പിച്ച് 1.05 മീറ്ററാക്കി മാറ്റുകയായിരുന്നു.

Advertisement

Comments

Add a Comment

Our Channels

100 മീറ്റർ 9.32 സെക്കൻഡിൽ; ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് തകർത്ത് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട് | Malayali Media