Malayali Media
Technology

തുടർച്ചയായി ജോലിക്ക് വൈകിയെത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് എ.ഐ മാനേജർ; സാൻഫ്രാൻസിസ്കോയിൽ കൗതുകകരമായ പരീക്ഷണം

17 Aug 20262 views 3 min read
തുടർച്ചയായി ജോലിക്ക് വൈകിയെത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് എ.ഐ മാനേജർ; സാൻഫ്രാൻസിസ്കോയിൽ കൗതുകകരമായ പരീക്ഷണം
Advertisement

സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിലെ നിർമ്മിതബുദ്ധി (എ.ഐ) മാനേജർ തങ്ങളുടെ ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ ശുപാർശ ചെയ്തതായി റിപ്പോർട്ട്. സ്വന്തം ചുമതലകളെക്കുറിച്ച് ഗവേഷകർ ഓർമ്മിപ്പിച്ചതിന് പിന്നാലെയാണ് ജീവനക്കാരനെതിരെ നടപടിയെടുക്കാൻ എ.ഐ മാനേജർ നിർദ്ദേശം നൽകിയതെന്നതാണ് ഇതിലെ ഏറ്റവും കൗതുകകരമായ വസ്തുത.

ആൻഡൺ ലാബ്സ് നടത്തുന്ന 'ആൻഡൺ മാർക്കറ്റ്' എന്ന പരീക്ഷണ സ്റ്റോറിലെ 'ലൂണ' എന്ന എ.ഐ മാനേജരാണ് ഈ പിരിച്ചുവിടൽ നിർദ്ദേശം മുന്നോട്ടുവെച്ചത്. ആകെ 23 ഷിഫ്റ്റുകളിൽ 17 തവണയും ജോലിക്ക് വൈകിയെത്തിയതാണ് ജീവനക്കാരനെതിരെ നടപടിയെടുക്കാൻ കാരണമായത്. തുടർന്ന് ലൂണ നൽകിയ ശുപാർശ മറ്റ് ജീവനക്കാർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പിരിച്ചുവിടൽ തീരുമാനം നടപ്പിലാക്കിയത്.

ജീവനക്കാരുടെ ഹാജർ സംബന്ധിച്ച കർശന ചട്ടങ്ങൾ മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ചത് ലൂണ തന്നെയായിരുന്നുവെന്നതാണ് ഇതിലെ രസകരമായ മറ്റൊരു കാര്യം. എന്നാൽ താൻ തന്നെ നിശ്ചയിച്ച നയം ഓർത്തെടുത്ത് പ്രാവർത്തികമാക്കാൻ എ.ഐക്ക് സാധിച്ചില്ല. ഇതിനാൽ മാസങ്ങളോളം ജീവനക്കാരൻ നിരന്തരം വൈകിയെത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. തുടർന്ന് താൻ ഉണ്ടാക്കിയ നയങ്ങൾ പുനഃപരിശോധിക്കാൻ മറ്റ് ആൻഡൺ ലാബ്സ് ജീവനക്കാർക്ക് ലൂണ നിർദ്ദേശം നൽകുകയും, ഇവരുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് ഒടുവിൽ പിരിച്ചുവിടൽ ശുപാർശ നൽകുകയും ചെയ്തത്.

ഒരു യഥാർത്ഥ ബിസിനസ്സ് പൂർണ്ണമായും നിയന്ത്രിക്കാൻ ഒരു എ.ഐ ഏജന്റിന് ചുമതല നൽകിയാൽ എന്തുസംഭവിക്കും എന്ന് പരിശോധിക്കുകയായിരുന്നു ആൻഡൺ മാർക്കറ്റ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഒരു ലക്ഷം ഡോളർ, കോർപ്പറേറ്റ് കാർഡ്, ഇന്റർനെറ്റ് സൗകര്യം, മൂന്ന് വർഷത്തെ ലീസ് എന്നിവ നൽകിയാണ് ലാഭകരമായ സ്റ്റോർ നടത്താൻ ആൻഡൺ ലാബ്സ് ലൂണയെ ചുമതലപ്പെടുത്തിയത്. ഉൽപ്പന്നങ്ങളുടെ തെരഞ്ഞെടുപ്പ്, വിലനിർണ്ണയം, പ്രവർത്തന സമയം നിശ്ചയിക്കൽ, ബ്രാൻഡിംഗ്, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂർണ്ണമായ എ.ഐ ഇടപെടലുണ്ട്.

എന്നാൽ വിൽപ്പന നടക്കുന്നുണ്ടെങ്കിലും സ്റ്റോർ ഇതുവരെ ലാഭത്തിലെത്തിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഒരു ലക്ഷം ഡോളറുണ്ടായിരുന്ന അക്കൗണ്ട് ബാലൻസ് അഞ്ച് മാസങ്ങൾക്കിടെ ഏകദേശം 61,186 ഡോളറിലേക്ക് കുറഞ്ഞതായാണ് കണക്കുകൾ. എ.ഐ സാങ്കേതികവിദ്യ കൂടുതൽ കരുത്താർജ്ജിക്കുമ്പോൾ ഭാവിയിലെ തൊഴിൽമേഖല എങ്ങനെ മാറുമെന്നതിലേക്കാണ് ഈ പരീക്ഷണം വിരൽചൂണ്ടുന്നതെന്ന് ആൻഡൺ ലാബ്സ് സി.ഇ.ഒ ലൂക്കാസ് പീറ്റേഴ്സൺ വ്യക്തമാക്കി. അതേസമയം, നിലവിലെ എ.ഐ സാങ്കേതികവിദ്യകളുടെ പോരായ്മകളും പരിമിതികളും തുറന്നുകാട്ടുന്ന ഒന്നുകൂടിയാണ് ലൂണയുടെ ഈ നടപടിയെന്നും വിലയിരുത്തപ്പെടുന്നു.

Tags:#ai#san francisco
Advertisement

Comments

Add a Comment

Our Channels

തുടർച്ചയായി ജോലിക്ക് വൈകിയെത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് എ.ഐ മാനേജർ; സാൻഫ്രാൻസിസ്കോയിൽ കൗതുകകരമായ പരീക്ഷണം | Malayali Media