ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് ദുബായിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ആഡംബര വസതി സ്വന്തമാക്കി. ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പമുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് അദ്ദേഹം പുതിയ വീട് സ്വന്തമാക്കിയ വിവരം അറിയിച്ചത്.
'ഷാരൂഖ്സ് റെസിഡൻസസ്' എന്ന കെട്ടിടത്തിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഈ വസതി സ്ഥിതി ചെയ്യുന്നത്. ഷാരൂഖ് സാറിന്റെ പേരിൽ ഒരു കെട്ടിടം ഉയരുന്നുവെന്ന് അറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും, മികച്ച ഇന്റീരിയർ വർക്കുകൾക്കും ഈടുനിൽപ്പിനും പുറമെ ഇതിലെ വെൽനസ് സെന്ററും ആകർഷകമായ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ ഐപിഎൽ കളിക്കാനാണ് താൻ ആദ്യമായി ദുബായിൽ വന്നതെന്നും പിന്നീട് 2020-ലും എത്തിയെന്നും താരം ഓർമ്മിപ്പിച്ചു. താൻ താമസിക്കുന്ന മുംബൈ ഉൾപ്പെടെ ഇന്ത്യയിൽ സുരക്ഷിതത്വമുണ്ടെങ്കിലും ദുബായിലെ സുരക്ഷ വളരെ മികച്ചതാണെന്നും, ഇവിടുത്തെ ആഡംബരവും ജീവിതനിലവാരവും തന്നെ ഏറെ സന്തോഷവാനും റിലാക്സ്ഡുമാക്കുന്നുവെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.





