2030 ഫിഫ ലോകകപ്പിന് മുന്നോടിയായി കായിക മാധ്യമമായ ഇഎസ്പിഎൻ തയ്യാറാക്കിയ പവർ റാങ്കിങ്ങിൽ അർജന്റീന അഞ്ചാം സ്ഥാനത്ത്. 2026-ലെ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, മുൻനിരയിലെ ആദ്യ നാല് സ്ഥാനങ്ങളും യൂറോപ്യൻ കരുത്തന്മാർ കൈയടക്കി. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഫ്രാൻസും ഇംഗ്ലണ്ടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ നാലാമതെത്തി.
പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്രസീൽ ഇടംപിടിച്ചത്. 19 മാധ്യമപ്രവർത്തകരും എഡിറ്റർമാരും ഉൾപ്പെട്ട പാനലാണ് ആദ്യ 15 ടീമുകളുടെ റാങ്കിങ് നിർണ്ണയിച്ചത്. നെതർലാൻഡ്‌സ് ഏഴാമതും ജർമ്മനി എട്ടാമതുമുള്ള പട്ടികയിൽ കഴിഞ്ഞ ഖത്തർ, യുഎസ്എ ലോകകപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മൊറോക്കോ ഒമ്പതാം സ്ഥാനത്താണ്.
2018, 2022, 2026 ലോകകപ്പുകളിൽ യോഗ്യത നേടാനാവാതിരുന്ന ഇറ്റലി പന്ത്രണ്ടാമതും ഏഷ്യയിൽ നിന്നുള്ള ജപ്പാൻ പതിമൂന്നാമതും ഇടംപിടിച്ചു. ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സാണ് പതിനഞ്ചാം സ്ഥാനത്ത്.
ഇഎസ്പിഎൻ പവർ റാങ്കിങ് പൂർണ്ണ പട്ടിക:
- സ്പെയിൻ
- ഫ്രാൻസ്
- ഇംഗ്ലണ്ട്
- പോർച്ചുഗൽ
- അർജന്റീന
- ബ്രസീൽ
- നെതർലാൻഡ്‌സ്
- ജർമ്മനി
- മൊറോക്കോ
- ബെൽജിയം
- നോർവേ
- ഇറ്റലി
- ജപ്പാൻ
- കൊളംബിയ
- യുണൈറ്റഡ് സ്റ്റേറ്റ്സ്





