ദേശീയ ജഴ്സിയിലെ തന്റെ വിടവാങ്ങൽ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ ലയണൽ മെസിയുടെ കരുത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. മെസി പെനാൽറ്റിയിലൂടെ ടീമിന്റെ മൂന്നാം ഗോൾ വലയിലെത്തിച്ചപ്പോൾ, നിക്കോ പാസ് രണ്ടാം ഗോൾ സ്വന്തമാക്കി. ആദ്യ പകുതിയിൽ ഫ്രീകിക്ക് അടക്കം മെസിയുടെ നാല് ഷോട്ടുകൾ ലക്ഷ്യത്തിലെത്താതെ പോവുകയും ഗോൾരഹിതമായി അവസാനിക്കുകയും ചെയ്ത ശേഷമാണ് രണ്ടാം പകുതിയിൽ അർജന്റീന വിജയം പിടിച്ചെടുത്തത്.
മെസിയുടെ കോർണർ കിക്കിൽ നിന്ന് നിക്കോളാസ് ഓട്ടമെൻഡിയാണ് മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തിയത്. ശക്തമായ പ്രതിരോധം തീർത്ത ബെനിന്റെ ഗോൾകീപ്പർ മാഴ്സൽ ഡജീനു, മെസിയുടേതടക്കമുള്ള നിരവധി ഗോളവസരങ്ങൾ തട്ടിയകറ്റി മികച്ച പോരാട്ടം കാഴ്ചവെച്ചു.





