Malayali Media
Sports

യുവേഫ സൂപ്പർ കപ്പിൽ വിസിലൂതിയ ആദ്യ യൂറോപ്യൻ ഇതര റഫറിയായി ഒമർ അർട്ടാൻ; സൊമാലിയൻ റഫറിയെ മുൻപ് ലോകകപ്പിൽ നിന്ന് യു.എസ്. വിലക്കിയിരുന്നു

14 Aug 20261 views 3 min read
യുവേഫ സൂപ്പർ കപ്പിൽ വിസിലൂതിയ ആദ്യ യൂറോപ്യൻ ഇതര റഫറിയായി ഒമർ അർട്ടാൻ; സൊമാലിയൻ റഫറിയെ മുൻപ് ലോകകപ്പിൽ നിന്ന് യു.എസ്. വിലക്കിയിരുന്നു
Advertisement

യുവേഫ സൂപ്പർ കപ്പ് മത്സരത്തിന് മേൽനോട്ടം വഹിക്കുന്ന ആദ്യ യൂറോപ്യൻ ഇതര റഫറിയെന്ന ചരിത്രനേട്ടം കുറിച്ച് സൊമാലിയയുടെ ഒമർ അർട്ടാൻ. 2026-ലെ ഫിഫ ലോകകപ്പ് നിയന്ത്രിക്കാനുള്ള മാച്ച് ഒഫീഷ്യലുകളുടെ കൂട്ടത്തിൽ ഫിഫ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, അമേരിക്കൻ മണ്ണിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ടൂർണമെന്റിന്റെ ഭാഗമാകാൻ അർട്ടാന് സാധിച്ചിരുന്നില്ല. ഭീകര സംഘടനകളിലെ സംശയിക്കപ്പെടുന്ന വ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ ട്രംപ് ഭരണകൂടം ലോകകപ്പിനായി യു.എ.എസിലേക്ക് വരുന്നതിൽ നിന്ന് അർട്ടാന് വിലക്കേർപ്പെടുത്തിയത്.

ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് 2026-ലെ യുവേഫ സൂപ്പർ കപ്പിന്റെ നിയന്ത്രണം അർട്ടാന് കൈമാറാൻ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളും (സി.എ.എഫ്) യുവേഫയും ചേർന്ന് തീരുമാനിച്ചത്. "ചരിത്രം രചിക്കപ്പെട്ടു! യുവേഫ സൂപ്പർ കപ്പ് മത്സരത്തിന് മേൽനോട്ടം വഹിക്കുന്ന ആദ്യ യൂറോപ്യൻ ഇതര റഫറിയായി ഒമർ അർട്ടാൻ മാറി!" എന്ന് യുവേഫ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ചു.

ലോകത്തിലെ ശ്രദ്ധേയരായ റഫറിമാരുടെ നിരയിലേക്ക് ഉയർന്നുവന്ന അർട്ടാൻ, 2018 മുതൽ ഫിഫയുടെ അന്താരാഷ്ട്ര റഫറിമാരുടെ പാനലിൽ ഇടംനേടിയ വ്യക്തിയാണ്. 2025/26 സീസണിലെ സി.എ.എഫ് ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ രണ്ടാം പാദ പോരാട്ടമടക്കം പ്രമുഖങ്ങളായ അനവധി മത്സരങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. മികവുറ്റ പ്രകടനങ്ങൾ കണക്കിലെടുത്ത് 2025-ലെ 'സി.എ.എഫ് റഫറി ഓഫ് ദി ഇയർ' അംഗീകാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

മത്സരത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ആസ്റ്റൺ വില്ലയെ 2-1 എന്ന സ്കോറിന് കീഴടക്കി ചാമ്പ്യൻസ് ലീഗ് വിജയികളായ പി.എസ്.ജി കിരീടമണിഞ്ഞു. റെഡ് ബുൾ അരീന സാൽസ്ബർഗിൽ അരങ്ങേറിയ പോരാട്ടത്തിന്റെ 61-ാം മിനിറ്റിൽ ഡിസയർ ഡുവെ അടിച്ച ഗോളാണ് പി.എസ്.ജിയുടെ വിജയം ഉറപ്പാക്കിയത്. 20-ാം മിനിറ്റിൽ ക്വെച്ച ക്വാറത്സ്ഖേലിയയുടെ ഗോളിൽ പി.എസ്.ജി മുന്നിലെത്തിയെങ്കിലും, 45-ാം മിനിറ്റിൽ 17 വയസ്സുകാരനായ ബ്രയാൻ മാഡ്ജോയിലൂടെ ആസ്റ്റൺ വില്ല സമനില കണ്ടത്തുകയായിരുന്നു. സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും ഇതോടെ മാഡ്ജോ തന്റെ പേരിൽ കുറിച്ചു. ഒടുവിൽ 2-1 ന് വിജയം സ്വന്തമാക്കി കിരീടനേട്ടത്തോടെയാണ് പി.എസ്.ജി പുതിയ സീസണിന് തുടക്കമിട്ടത്.

Tags:#OMAR ARTAN#FOOTBALL
Advertisement

Comments

Add a Comment

Our Channels

യുവേഫ സൂപ്പർ കപ്പിൽ വിസിലൂതിയ ആദ്യ യൂറോപ്യൻ ഇതര റഫറിയായി ഒമർ അർട്ടാൻ; സൊമാലിയൻ റഫറിയെ മുൻപ് ലോകകപ്പിൽ നിന്ന് യു.എസ്. വിലക്കിയിരുന്നു | Malayali Media