യൂറോപ്യൻ ഫുട്ബോളിൽ ക്ലബുകൾ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്ന തിരക്കിലാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പ്രമുഖ താരങ്ങൾ പലരും പുതിയ തട്ടകങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ടീമിലെത്തിയ താരങ്ങളെ അവതരിപ്പിക്കുന്നതിലും വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ് യുവന്റസ്.
പുതിയ താരങ്ങളുടെ ചിത്രങ്ങൾ കാപ്പിക്കുരു ഉപയോഗിച്ച് തയ്യാറാക്കിയ കലാസൃഷ്ടികളായാണ് ക്ലബ് അവതരിപ്പിച്ചത്. മലയാളി കാലിഗ്രഫി കലാകാരൻ അബ്ദുൾ കരീമാണ് ഈ വേറിട്ട അവതരണത്തിന് പിന്നിൽ. സമൂഹമാധ്യമങ്ങളിൽ ‘കരിംഗ്രാഫി’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഫ്രഞ്ച് സൂപ്പർ താരം കോലോ മുവാനിയുടെയും ബോസ്നിയൻ താരം കരിം ബെഗോവിച്ചിന്റെയും ചിത്രങ്ങളാണ് മലപ്പുറം സ്വദേശിയായ അബ്ദുൾ കരീം ഒരുക്കിയത്. വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം പേർ ഇത് കണ്ടു. യുവന്റസ് ആരാധകർ കമന്റ് ബോക്സിൽ കരിംഗ്രാഫിയുടെ സൃഷ്ടിയെ പ്രശംസിച്ച് രംഗത്തെത്തി.
ബോസ്നിയൻ താരം കരിം ബെഗോവിച്ചിന്റെ ചിത്രം തയ്യാറാക്കാൻ വിവിധ നിറങ്ങളിലുള്ള കാപ്പിക്കുരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.





