ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണ ആവർത്തിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ലോക ഫുട്ബോളിനുണ്ടായ വികസനങ്ങളെ വിലയിരുത്തിയാണ് എഎഫ്എ പിന്തുണ അറിയിച്ചത്. അദ്ദേഹത്തിന്റെ ഭരണകാലം ആഗോള ഫുട്ബോളിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയതായി സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെയാണ് അർജന്റീനയുടെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കൂടുതൽ മികച്ചൊരു ഫുട്ബോൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഇൻഫാന്റിനോയ്ക്ക് പിന്തുണ നൽകുമെന്നും വരാനിരിക്കുന്ന ഫിഫ കോൺഗ്രസിന് മുന്നോടിയായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ മുന്നോട്ടുപോകുമെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഒപ്പുവെച്ച പ്രസ്താവനയിൽ അറിയിച്ചു.
അടുത്ത വർഷം മാർച്ചിലാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി അർജന്റീനയുടെ പിന്തുണ ഇൻഫാന്റിനോയ്ക്ക് ആശ്വാസം നൽകുന്നതാണ്. അതേസമയം, അദ്ദേഹത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എതിർപ്പ് ശക്തമായി തുടരുകയാണ്.
അർജന്റീനയ്ക്ക് പുറമെ ഈജിപ്ത്, മൊറോക്കോ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളും ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.





