കൊച്ചി:വാഹനങ്ങളിൽ വരുത്തുന്ന നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്കെതിരെ (മോഡിഫിക്കേഷൻ) ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. കൃത്യമായ അനുമതിയില്ലാതെ ഘടിപ്പിക്കുന്ന തീവ്രതയേറിയ ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയമായ പരിധിയിൽ കൂടുതൽ വീതിയുള്ള ടയറുകൾ എന്നിവയ്ക്കെതിരെയാണ് കോടതിയുടെ കർശന ഇടപെടൽ. ഇത്തരം മാറ്റങ്ങൾ പൊതുനിരത്തിലെ കാൽനടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലും അനുബന്ധ സുരക്ഷാ മാനദണ്ഡങ്ങളിലും കൃത്യമായി വ്യക്തമാക്കിയിട്ടുള്ള ലൈറ്റുകൾ, ലൈറ്റ്-സിഗ്നലിംഗ് സംവിധാനങ്ങൾ, റെട്രോ-റിഫ്ലക്ടറുകൾ എന്നിവയല്ലാതെ മറ്റൊരു ഉപകരണവും വാഹനങ്ങളിൽ ഘടിപ്പിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങളിൽ അനുവദിക്കാത്ത ഘടകങ്ങൾ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന് കേരള മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 334 പ്രകാരം പ്രത്യേക ഇളവുകൾ അനുവദിക്കാൻ അധികാരമില്ല. എ.ഐ.എസ് 008, എ.ഐ.എസ് 052 തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാഹനങ്ങളുടെ നിരത്തിലിറക്കൽ റോഡ് ഉപയോക്താക്കളുടെ ജീവന് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ നിർമ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട് കേന്ദ്ര ചട്ടങ്ങളിൽ വിശദമായ നിർദ്ദേശങ്ങൾ ഉള്ളതിനാൽ, അനുമതിയില്ലാത്ത യാതൊരു തരത്തിലുള്ള മാറ്റങ്ങളും അനുവദിക്കാനാവില്ലെന്നും കോടതി അടിവരയി
ട്ടു.





